JHL

JHL

സുരക്ഷാ സംവിധാനങ്ങൾ ഇല്ല; കാഞ്ഞങ്ങാട് നഗരത്തിൽ തീപിടിത്തം പതിവ്

 


കാഞ്ഞങ്ങാട് ∙ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തം തുടർക്കഥയാകുന്നു. കോട്ടച്ചേരിയില്‍ വാഹനങ്ങളുടെ ആക്സസറീസ് കടയ്ക്ക് തീപിടിച്ച് ദിവസങ്ങൾ കഴിയും മുൻപ് തന്നെ തൊട്ടടുത്തുള്ള ഹോട്ടലിലും ഇന്നലെ തീപിടിച്ചു. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതാണ് തീപിടിത്തം പതിവാകാൻ കാരണമെന്ന് അഗ്നിരക്ഷാ സേന പറഞ്ഞു.

കൊളവൽ സ്വദേശിയായ സമദിന്റെ ഉടമസ്ഥതയിലുള്ള ഫാമിലി റസ്റ്ററന്റില്‍ ആണ് ഇന്നലെ 1.30ന് തീ പടർന്നത്. ഹോട്ടലിന് അകത്ത് പുക മൂടിയപ്പോഴാണ് ജീവനക്കാർ തീ പടർന്ന വിവരം അറിയുന്നത്. ഓടി പുറത്ത് ഇറങ്ങുന്നതിനിടെ വൈദ്യുതി ബന്ധവും ജീവനക്കാർ വിഛേദിച്ചു. ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും ചെയ്തു.

സ്റ്റേഷൻ ഓഫിസർ കെ.വി.പ്രഭാകരന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തി തീ അണയ്ക്കാൻ തുടങ്ങി. ഹോട്ടലിന് അകത്തെ പുക വരുന്ന സ്ഥലം കണ്ടെത്തി പരിശോധിച്ചപ്പോഴാണ് ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപടർന്നതെന്ന് മനസ്സിലായത്. എസി മുഴുവൻ കത്തി.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ മനോഹരൻ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ഡ്രൈവർ ലതീഷ് കയ്യൂർ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ വി.വി.ദിലീപ്, ജി.എസ്.ഷിബിൻ, അരുൺ, വിനീത്, വരുൺ, ഹോം ഗാർഡുമാരായ കൃഷ്ണൻ, സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.


No comments