JHL

JHL

മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ; കറിക്ക് വേണ്ട മത്സ്യം പോലും വില കൊടുത്തു വാങ്ങേണ്ട സ്ഥിതി


കാഞ്ഞങ്ങാട് :  മത്സ്യ കുറവിൽ നട്ടം തിരിഞ്ഞ് പരമ്പരാഗത മത്സ്യ തൊഴിലാളികൾ. കറിക്ക് വേണ്ട മത്സ്യം പോലും വില കൊടുത്തു വാങ്ങേണ്ട സ്ഥിതിയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കടലിലെ മീൻ കോരിയെടുത്തു പോകുന്ന ഇതര സംസ്ഥാന ബോട്ടുകളാണ് ഇവരുടെ അന്നം മുടക്കുന്നത്. കരയോടു ചേർന്നു ബോട്ടുകൾ മീൻ പിടിക്കാൻ പാടില്ല. ഈ ഭാഗത്ത് മീൻ പിടിക്കാനുള്ള അനുവാദം തോണിയിൽ പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമാണ്. എന്നാൽ നിയമം ലംഘിച്ച് കരയോടു ചേർന്നു ബോട്ടുകൾ വ്യാപകമായി മീൻ പിടിക്കുകയാണ്.

ഫിഷറീസ് വകുപ്പും കോസ്റ്റൽ പൊലീസും അനധികൃത മീന്‍ പിടിത്തത്തിന് എതിരെ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും പൂർണമായി തടയാൻ കഴിയുന്നില്ല. രാത്രികാലങ്ങളിൽ ലൈറ്റ് വച്ചുള്ള മീൻ പിടിത്തവും വ്യാപകമാണ്. പ്രകാശം കണ്ട് അരികില്‍ എത്തുന്ന മീനുകളെ അപ്പാടെ കോരിയെടുക്കുന്ന രീതിയാണ്. ഇത് മത്സ്യ സമ്പത്തിന് തന്നെ ഭീഷണിയാണ്. അനധികൃത മീൻ പിടിത്തം കാരണം ദുരിതത്തിലായത് ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്. തോണിയില്‍ 19 ആളുകളുമായി കടലിൽ പോയി തിരിച്ചു വരുന്ന മത്സ്യത്തൊഴിലാളികൾക്ക് ചെലവ് കഴിച്ച് കിട്ടുന്നത് 150 രൂപ വരെ മാത്രമാണ്.

87 രൂപ കൊടുത്ത് കരി ചന്തയിൽ നിന്നാണ് മണ്ണെണ്ണ വാങ്ങുന്നത്. ചെറിയ വള്ളത്തിന് കടലില്‍ പോയി തിരിച്ചു വരാന്‍ ദിവസം 1300 രൂപ ചെലവ് വരും. തിരിച്ചെത്തിയാൽ 70 രൂപ വരെയാണ് ഇപ്പോൾ കിട്ടുന്നതെന്നും മത്സ്യ തൊഴിലാളികൾ പറയുന്നു. അജാനൂർ മിനി മത്സ്യബന്ധന തുറമുഖം യഥാർഥ്യമായാൽ ഏതു നിമിഷവും യാനങ്ങൾ കടലിൽ ഇറക്കാനും തിരികെ കയറ്റാനും കഴിയും. എന്നാൽ അധികൃതർ മത്സ്യ തൊഴിലാളികളുടെ വർഷങ്ങളായുള്ള ഈ ആവശ്യത്തിന് നേരെയും കണ്ണടയ്ക്കുകയാണ് .


No comments