JHL

JHL

ജില്ലാ സ്‌കൂൾ പാഠപുസ്തക ഡിപ്പോ, സ്‌കൂൾ പിടിഎ നിർദേശിച്ച സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കും


കാസർകോട് ∙ നഗരസഭയും സ്‌കൂൾ പിടിഎയും തടഞ്ഞ ജില്ലാ സ്‌കൂൾ പാഠപുസ്തക ഡിപ്പോ കെട്ടിടം നവീകരണം ഉപേക്ഷിക്കാനും പകരം സ്‌കൂൾ പിടിഎ നിർദേശിച്ച സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കാനും ധാരണ. കലക്ടർ ഡി.സജിത് ബാബു സ്ഥലം സന്ദർശിച്ചു വിദ്യാഭ്യാസ വകുപ്പ്, നഗരസഭ, പൊതുമരാമത്ത് വിഭാഗം, സ്‌കൂൾ അധികൃതർ, പിടിഎ ഭാരവാഹികൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് നിർദേശം.

കാസർകോട് ഗവ. സ്‌കൂൾ കോംപൗണ്ടിലെ ഡിപ്പോ കെട്ടിടം വിദ്യാഭ്യാസ വകുപ്പ് നിർദേശ പ്രകാരമാണ് 10 ലക്ഷം രൂപ ചെലവിട്ടു പൊതുമരാമത്ത് കെട്ടിട വിഭാഗം നേതൃത്വത്തിൽ നവീകരണം തുടങ്ങിയത്. കെട്ടിടത്തിന്റെ ഓട് നീക്കം ചെയ്യുന്നതിനിടെയാണ് പിടിഎ ഭാരവാഹികളും സ്‌കൂൾ അധികൃതരും നഗരസഭയും നവീകരണം തടഞ്ഞത്. ഇതിനെതിരെ ഡിഡിഇ നൽകിയ പരാതിയിൽ സ്കൂൾ അധികൃതരുമായി നടത്തിയ ഓൺ ലൈൻ യോഗത്തിൽ നവീകരണവുമായി മുന്നോട്ട് പോകാനായിരുന്നു കലക്ടറുടെ നിർദേശം.

എന്നാൽ പൊളിച്ചു നീക്കാൻ ആവശ്യപ്പെട്ട കെട്ടിടം പുതുക്കി പണിയുന്നതിനെതിരെ സ്‌കൂൾ പിടിഎ ഭാരവാഹികൾ പരാതി നൽകിയ സാഹചര്യത്തിലാണ് കലക്ടർ ബന്ധപ്പെട്ടവരെ സ്ഥലത്തു വിളിപ്പിച്ചു ചർച്ച നടത്തിയത്. നിലവിലുള്ള ഡിപ്പോ പഴയ കെട്ടിടം പൊളിച്ചു നീക്കി സ്‌കൂൾ മൈതാനം ആധുനിക സംവിധാനങ്ങളോടെ വിശാലമാക്കാൻ നിർദേശിച്ചു.  സ്‌കൂളിനു  ആവശ്യമായ റൂം സഹിതമുള്ള ഡിപ്പോ കെട്ടിടം നിലവിലുള്ള സ്‌കൂൾ കെട്ടിടത്തിനു പിറകിൽ പിടിഎ നിർദേശിച്ച സ്ഥലത്ത് പണിയുന്നത് ഉചിതമാണെന്ന് കലക്ടർ യോഗത്തിൽ അറിയിച്ചു.

ജില്ലാ പാഠപുസ്തക ഡിപ്പോയിലെ പാഠപുസ്തകങ്ങൾ  ഇപ്പോൾ സ്കൂളിലെ ക്ലാസ് മുറികളിലാണ് സൂക്ഷിച്ചിട്ടുള്ളത്. പുതിയ കെട്ടിടം നിലവിൽ വരുന്നത് വരെ അവിടെ തന്നെ തുടരും. മഴയിൽ ചോർച്ച തടയുന്നതിനു ഈ കെട്ടിടം അറ്റകുറ്റപ്പണി ചെയ്യണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അതിനിടെ പാഠപുസ്തക ഡിപ്പോ കെട്ടിടം 10 ലക്ഷം രൂപ ചെലവിട്ടു പുതുക്കുന്നതിനു നൽകിയ കരാർ തുടർ നടപടികൾ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ രേഖാമൂലം നൽകുന്ന തീരുമാന പ്രകാരമായിരിക്കുമെന്നു പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.

കെട്ടിടം പുതുക്കൽ റദ്ദാക്കുകയാണെങ്കിൽ 10 ലക്ഷം രൂപ മറ്റൊരു പദ്ധതിക്കു ചെലവിടാനാവില്ല. ഇതിനു പ്രത്യേക പദ്ധതി തയാറാക്കി സർക്കാർ അനുമതി വാങ്ങണം. ജില്ലയിൽ ആവശ്യമായ 15 ലക്ഷത്തിലേറെ പാഠപുസ്തകങ്ങൾ സൂക്ഷിക്കാൻ സൗകര്യമില്ലാത്തത് വിദ്യാഭ്യാസ വകുപ്പിനു പ്രധാന പ്രതിസന്ധിയായി. പുതിയ കെട്ടിടം പണിയുന്നത് വൈകും.തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ  പുതിയ പദ്ധതികൾ സമർപ്പിക്കാനും തീരുമാനിക്കാനും കഴിയാത്ത സ്ഥിതിയായി.


No comments