JHL

JHL

ജയിച്ചിട്ടും യുവന്‍റസ് ചാംപ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്


ടൂറിന്‍:  യുവേഫ ചാംപ്യന്‍സ് ലീഗിന്റെ രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയോട് ജയിച്ചെങ്കിലും യുവന്റസ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. സ്വന്തം മൈതാനത്ത് നടന്ന പ്രീ ക്വാര്‍ട്ടറില്‍ 3-2നാണ് യുവന്റസ് ജയിച്ചുക്കയറിയത്. എന്നാല്‍ എവേ ഗോളിന്റെ അടിസ്ഥാനത്തിലാണ് പോര്‍ട്ടോ ക്വാര്‍ട്ടറിലെത്തുകയായിരുന്നു. ആദ്യ പാദം 2-1 പോര്‍ട്ടോ ജയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ 3-2ന് യുവന്റസും ജയിച്ചു. എന്നാല്‍ യുവന്റസിന്റെ ഗ്രൗണ്ടില്‍ രണ്ട് ഗോള്‍ നേടിയത് പോര്‍ട്ടോയ്ക്ക് തുണയായി. അതും മത്സരത്തിന്റെ കൂടുതല്‍ സമയവും പോര്‍ട്ടോ പത്ത് പേരുമായിട്ടാണ് കളിച്ചത്. 54-ാം മിനിറ്റില്‍ മെഹ്ദി തരേമി ചുവപ്പ് കാര്‍ഡുമായി പുറത്തായിരുന്നു.

19-ാം മിനിറ്റില്‍ സെര്‍ജിയോ ഒളിവേരയിലൂടെ പോര്‍ട്ടോ മുന്നിലെത്തി. ഇതോടെ ഇരുപാദത്തിലുമായി 1-3ന്റെ ലീഡായി. എന്നാല്‍ രണ്ടാം പകുതിയില്‍ ഫെഡറിക്കോ ചീസയിലൂടെ യുവന്റസ് ഒരു ഗോള്‍ തിരിച്ചടിച്ചു. 63-ാം മിനിറ്റില്‍ ചീസ ഒരിക്കല്‍കൂടി യുവന്റസിന് തുണയായി. ഇതോടെ ഗോള്‍നില 3-3. നിശ്ചിതസമയത്ത് ഇരു ടീമുകള്‍ക്കും പിന്നീട് ഗോളൊന്നും നേടാന്‍ സാധിച്ചില്ല. ഇതിനിടെ ഇറാനിയന്‍ താരം തരേമി പുറത്തുപോവുകയും ചെയ്തു.

മത്സരം അധികസമയത്തേക്ക്. 115-ാം മിനിറ്റില്‍ സെര്‍ജിയോ ഒളിവേര ഒരിക്കല്‍കൂടി തുണയായി. പോര്‍ട്ടോയ്്ക്ക് നിര്‍ണായക ലീഡ്. ഇനി ക്വാര്‍ട്ടറിലെത്തണമെങ്കില്‍ ഒരു ഗോളടിച്ചാല്‍ മതിയാവില്ല. രണ്ടെണ്ണം വേണം. 117ാം മിനിറ്റില്‍ അഡ്രിയാന്‍ റാബിയോട്ട് ഒരു ഗോള്‍ നേടി. എന്നാല്‍ ഒരിക്കല്‍കൂടി വലകുലുക്കാന്‍ യുവന്റസിന് സാധിച്ചില്ല. ഇതോടെ ടീം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്.

യുവന്റസില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മൂന്നാം സീസണാണിത്. എന്നാല്‍ ഈ മൂന്ന് സീസണിലും ടീമിന് പ്രീ ക്വാര്‍ട്ടറിനപ്പുറം കടക്കാന്‍ കഴിഞ്ഞിട്ടില്ല. ക്രിസ്റ്റ്യാനോ എത്തുന്നതിന് തൊട്ടുമുമ്പുള്ള സീസണില്‍ സെമിയില്‍ പ്രവേശിച്ച ടീമാണ് യുവന്റസെന്നും ഓര്‍ക്കണം. മറ്റൊരു മത്സരത്തില്‍ സെവിയ്യയെ മറികടന്ന് ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ക്വാര്‍ട്ടറില്‍ കടന്നു. രണ്ട് പാദങ്ങളിലുമായി 5-4നാണ് ഡോര്‍ട്ട്മുണ്ടിന്റെ ജയം.


No comments