JHL

JHL

മംഗൽപ്പാടി കുബണൂർ മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരെ ചിലർ നടത്തുന്ന പ്രചാരണം തെറ്റിദ്ധാരണാജനകം



കുമ്പള: മംഗൽപ്പാടി പഞ്ചായത്തിൻ്റെ കുബണൂർ മാലിന്യ സംസ്‌കരണ പ്ലാൻ്റിലെ മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് പഞ്ചായത്തിനെതിരെ ആക്ഷൻ കമ്മിറ്റിയുടെ പേരിൽ ചിലർ നടത്തുന്നത് ദുഷ്പ്രചാരണവും  വസ്തുതക്ക് നിരക്കാത്തതുമാണെന്ന്   പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ  വാർത്താ സമ്മേളനത്തിൽ പറഞ്ഞു.മാലിന്യ സംസ്ക്കരണം ശാസ്ത്രീയമായ രീതിയിൽ തന്നെയാണ് ഇപ്പോഴും നടന്നു വരുന്നത്. ആയിരകണക്കിന് വ്യാപാര സ്ഥാപനങ്ങളും ഫ്ലാറ്റുകളുള്ള  ഒരു പഞ്ചായത്തിന് താങ്ങാനാവുന്നതിനേക്കാളും കൂടുതൽ മാലിന്യങ്ങളാണ് പ്രതിദിനം നഗരത്തിലും മറ്റും  ഉണ്ടാകുന്നത്.ഈ  മാലിന്യങ്ങളെല്ലാം ദിവസവും നീക്കം ചെയ്ത് പ്ലാൻ്റിൽ നിക്ഷേപിക്കുകയും അത് സംസ്ക്കരിക്കുകയും ചെയ്‌തു  വരുന്നുണ്ട്. പ്ലാൻ്റിൽമാലിന്യത്തിൻ്റെ അളവ്  ക്രമാതീതമായ തോതിൽ  വർധിക്കുമ്പോഴുണ്ടാകുന്ന  കാലതാമസം മാത്രമാണ് ഇപ്പോഴുള്ളത്.മറിച്ച്  യാതൊരു പ്രശ്നങ്ങളും അവിടെയില്ല. മാലിന്യത്തിൻ്റെ  പേരിൽ കാലങ്ങളായി പഞ്ചായത്തിനെതിരെ അനാവശ്യ പ്രചാരണം അഴിച്ചുവിടുന്നവർ  തന്നെയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സമരത്തിന് തയ്യാറെടുക്കുന്നത്.ഏറെ കാലമായി മംഗൽപ്പാടി പഞ്ചായത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മാലിന്യ പ്രശ്നത്തിന് പരിഹരം കണ്ടെത്താൻ കഴിഞ്ഞ ഭരണ സമിതിയും കഴിവിൻ്റെ പരമാവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതിൻ്റെ ചുവടുപിടിച്ചാണ് നിലവിലെ ഭരണ സമിതി അധികാരമേറ്റടുത്ത ഉടൻ തന്നെ  ശുചിത്വ മിഷനുമായി കൈകോർത്ത് വാർഡ് തല ഹരിത കർമ സേന രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്. എല്ലാ വാർഡുകളിലും രണ്ടു പേർ വീതമുള്ള ഹരിത കർമ സേന ശക്തമായി പ്രവർത്തിച്ചു വരുന്നതായും മാലിന്യ സംസ്ക്കരണ വിഷയത്തിൽ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനുള്ള ചിലരുടെ ശ്രമം വിലപ്പോവില്ലെന്നും ഭരണ സമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.  മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് റിഷാന സാബിർ, വൈസ് പ്രസിഡൻ്റ് യൂസുഫ് ഹേരൂർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ മുഹമ്മദ് ബൂൺ, ഖൈറുന്നിസ ഉമ്മർ, ഇർഫാന ഇഖ്ബാൽ, സെക്രട്ടറി സന്തോഷ് വർഗീസ്, അസിസ്റ്റൻ്റ് സെക്രട്ടറി ദീപേഷ്, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ലക്ഷ്‌മി, അസിസ്റ്റൻ്റ് കോഡിനേറ്റർ പ്രേംരാജ്, ആർ.പി രാഘവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ  സംബന്ധിച്ചു.

No comments