JHL

JHL

മഴക്കാലമായാൽ കുമ്പളയിലെ അടിപ്പാതയിൽ വെള്ളക്കെട്ട് പതിവ്; യാത്രക്കാർ ദുരിതത്തിൽ.

കുമ്പള(www.truenewsmalayalam.com) : കുമ്പള സ്റ്റേഷന് സമീപത്തെ അടിപ്പാതയിൽ മഴക്കാലമായാൽ വെള്ളക്കെട്ട് പതിവാണ്. ഇതുകാരണം ഈ പ്രദേശത്തുള്ള യാത്രക്കാരും വാഹനങ്ങളുമാണ് ബുദ്ധിമുട്ടിലാകുന്നത്.

കുമ്പള കടപ്പുറം, ബീച്ച്, കൊപ്പളം ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ ദേശീയപാതയിലേക്കെത്താനുള്ള വഴിയാണിത്‌. സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് ഈ പ്രദേശത്തുകാരുടെ പ്രധാന യാത്രാമാർഗം. മഴക്കാലത്ത് ഇതിലൂടെ പോയാൽ ഓട്ടോറിക്ഷയുടെ പുകക്കുഴലിലും പ്ലാറ്റ്‌ഫോമിലും വെള്ളം കയറുന്നതായി തൊഴിലാളികൾ പറയുന്നു. സിറ്റി ഓട്ടോ സ്റ്റാൻഡിലെ 25-ഓളം ഓട്ടോകളാണ് ഈ ഭാഗത്തേക്ക് പ്രധാനമായും സർവീസ് നടത്തുന്നത്. ഓരോ ഓട്ടോയും ചുരുങ്ങിയത് എട്ട് തവണ ഈ ഭാഗത്തേക്ക് പോകുന്നുണ്ടെന്നാണ് കണക്ക്. പ്രധാന യാത്രാമാർഗമായതിനാൽ എത്ര വെള്ളം കയറിയാലും ഓട്ടം മുടക്കാനാകാത്ത സാഹചര്യമാണ്.

വേഗം കുറയ്ക്കാതെ പോയാൽ മാത്രമെ അടിപ്പാത കടക്കാൻ സാധിക്കുകയുള്ളൂവെന്നാണ് ഓട്ടോ ഡ്രൈവർമാരുടെ അനുഭവം. ഇത്തരത്തിൽ ഗർഭിണികളടക്കമുള്ളവരെ ഇരുത്തി കൊണ്ടുപോകാൻ സാധിക്കില്ല. നിലവിലെ ഇന്ധന വിലയുടെ സാഹചര്യത്തിൽ ഇതുവഴി പോയാൽ ഓട്ടം നഷ്ടമാണെന്നാണ്‌ ഓട്ടോറിക്ഷക്കാരുടെ വിഷമം. റെയിൽ പാളം മുറിച്ചുകടക്കാതിരിക്കാനാണ് ലെവൽക്രോസ് ഒഴിവാക്കി അടിപ്പാത നിർമിച്ചത്. ഇവിടം കടക്കാൻ കാൽനടയാത്രക്കാർക്ക് ചെളിവെള്ളം ചവിട്ടണം. അല്ലെങ്കിൽ റെയിൽ പാളം മുറിച്ചുകടക്കേണ്ട അവസ്ഥയാണ്. വെള്ളം ഒഴുകിപ്പോകാൻ മതിയായ ചാലുകളില്ലാത്തതിനാലാണ് ഇവിടെ വെള്ളകെട്ടുണ്ടാകാൻ കാരണം. അടിപ്പാതയിൽനിന്ന് ചാലിലേക്കുള്ള ഭാഗത്ത് ഒഴുക്ക് കൃത്യമായി നടക്കുന്നില്ല. ഓവുചാലിന്റെ നീളം ആവശ്യത്തിനില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.

വെള്ളം പുറത്തേക്കുകളയാൻ മോട്ടോർ സ്ഥാപിച്ചിരുന്നു. ഇത് നേരത്തെ നാട്ടുകാരുടെ നേതൃത്വത്തിലാണ് പ്രവർത്തിപ്പിച്ചിരുന്നത്. വെള്ളം ഉയരുന്ന സമയത്ത് കൃത്യമായ ഇടവേളകളിൽ മോട്ടോർ അടിച്ച് വെള്ളം പുറന്തള്ളിയിരുന്നു. മോട്ടോറിന്റെ പ്രവർത്തനം റെയിൽവേ ഏറ്റെടുത്തതോടെ ഇത് നിലച്ചു. ജീവനക്കാർക്ക് തോന്നുന്ന സമയത്താണ് മോട്ടോർ പ്രവർത്തിപ്പിക്കുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

മഴയിൽ അടിപ്പാതയിൽ വെള്ളം നിറയുന്നതിനൊപ്പം മണ്ണിട്ട് നിറച്ച ഭാഗത്തുനിന്ന്‌ വെള്ളമെത്തുന്നുണ്ട്. ഇവിടെയുള്ള കോൺക്രീറ്റ് തകർന്നാണ് ഇതിലൂടെ വെള്ളമെത്തുന്നത്. മഴയുടെ ശക്തി കുറഞ്ഞ സയമയത്തും വെള്ളക്കെട്ടിന് മാറ്റമില്ല. പ്രശ്നം പരിഹരിക്കണം

മൂന്ന് വർഷം മാത്രം പഴക്കമുള്ള ഓട്ടോയാണ്. വെള്ളംകയറി എൻജിൻ അഴിക്കേണ്ടിവന്നു. വലിയ ബുദ്ധിമുട്ടാണ് ഇത്തരം പ്രതിസന്ധികളുണ്ടാകുന്നത്.


ജാഫർ,ഓട്ടോറിക്ഷാ ഡ്രൈവർ

റോഡ് തകർച്ചയും : അടിപ്പാത കടന്നാൽ കുമ്പള കടപ്പുറം, ബീച്ച്, കൊപ്പളം ഭാഗത്തേക്കുള്ള റോഡാണ്. ഇവിടെ വർഷങ്ങളായി ടാറിങ് നടത്താത്തതിനാൽ റോഡ് തകർന്നിരിക്കുകയാണ്. ടാറിങ് ഇളകി റോഡിലെ മണ്ണ് കാണുന്ന അവസ്ഥയാണ്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡ് അമർന്നുപോകുന്നസ്ഥിതിയാണ്. വലിയ വാഹനങ്ങൾ കയറി റോഡിന്റെ ഒരുഭാഗം ചെരിഞ്ഞിരിക്കുകയുമാണ്‌.





No comments