JHL

JHL

ഓണമെത്തിയിട്ടും ആളൊഴിഞ്ഞ് കുമ്പള ടൗൺ: വ്യാപാരികൾക്ക് പറയാൻ നഷ്ടങ്ങളുടെ കഥകൾ.

കുമ്പള(www.truenewsmalayalam.com) : സപ്തഭാഷാ സംഗമ ഭൂമിയായ കുമ്പളയിലെ വ്യാപാരികൾക്ക് കോവിഡ് കാലത്ത് നഷ്ടങ്ങളുടെ കണക്കേ പറയാനുള്ളൂ. ഒരു വർഷത്തെ കച്ചവടത്തെ പിടിച്ചു നിർത്തിയിരുന്ന സീസൺ കച്ചവടങ്ങളാണ് ലോക്ക് ഡൗണും,  പിന്നീടുള്ള കോവിഡ്  നിയന്ത്രണങ്ങളും മൂലം വ്യാപാരികൾക്ക് നഷ്ടമായത്. ഈ ദുരിതത്തിൽ നിന്ന് കരകയറണമെങ്കിൽ സർക്കാർ സഹായം കിട്ടിയേ തീരൂ എന്ന അവസ്ഥയിലാണ് വ്യാപാരികൾ. 

കുമ്പള ടൗണിലും,  പരിസരപ്രദേശങ്ങളിലുമായി മുന്നൂറോളം വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നു. ഇതിൽ ഉടമകളും, ജോലിക്കാരുമായി അറുന്നൂറിലേറെ ആളുകൾ. ഇവരുടെ കുടുംബത്തിൻറെ ജീവിതമാർഗ്ഗം വ്യാപാര സ്ഥാപനങ്ങളാണ്. ഇതാണ് ഒന്നരവർഷമായി കോവിഡ് മൂലം വഴിമുട്ടി നിൽക്കുന്നതും.ഈ ഒന്നര വർഷത്തിനിടയിൽ സീസൺ കാലത്ത് കട തുറക്കാൻ അനുമതി കിട്ടാത്തതിനാൽ ഇപ്രാവശ്യത്തെ ഓണവിപണിയെയാണ് വ്യാപാരികൾ പ്രതീക്ഷയോടെ കാണുന്നത്.എന്നാൽ പൊതുജനങ്ങൾക്കിടയിലും കോവിഡ് സമ്മാനിച്ച ദുരിതം വിപണിയെ ഉണർത്തുമോ  എന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്. 

റംസാൻ, ബലി പെരുന്നാൾ വിപണി കോവിഡ്  നിയന്ത്രണങ്ങളാൽ  നേരാംവണ്ണം ലഭിക്കാതെ പോയതാണ് വ്യാപാരികളെ ഏറെ ദുരിതത്തിലാക്കിയത്. നിരവധി സർക്കാർ സ്ഥാപനങ്ങളുള്ള ടൗണാണ് കുമ്പള. സീതാംഗോളി,ബന്തിയോട്,  ആരിക്കാടി, മൊഗ്രാൽ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് കുമ്പളയെ  വ്യാപാര ആവശ്യങ്ങൾക്ക് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ കുമ്പളയിൽ വ്യാപാരത്തിന് അനുകൂലമായ അന്തരീക്ഷം ഉണ്ടായിരുന്നു കഴിഞ്ഞ കാലങ്ങളിലൊക്കെ. ഇതിനിടയിലാണ് കോവിഡ്ന്റെ ആഘാതം ഉണ്ടായത്. സീസണുകൾക്ക് പുറമേ സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട്  കിട്ടിയിരുന്ന കച്ചവടവും ഇപ്പോൾ നഷ്ടമായി. സർക്കാർ സ്കൂളുകൾക്ക് പുറമെ നിരവധി സ്വകാര്യ കോളേജുകളും കുമ്പളയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. എല്ലാം വർഷങ്ങളായി അടച്ചിട്ടിരിക്കുന്നു.

 ലോക്ക്ഡൗണിന്  പിന്നാലെ കുമ്പള ഗ്രാമ പഞ്ചായത്തിലെ ഏതെങ്കിലും പ്രദേശത്ത് കോവിഡ്  പോസിറ്റീവ് കേസുകൾ കൂടുതലായാൽ കുമ്പള ടൗൺ മുഴുവനായും അടച്ചിടേണ്ടി വന്ന സാഹചര്യമാണ് ഉണ്ടായത്. ഇത്  വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു. വ്യാപാരികൾ ശക്തമായി പ്രതികരിച്ചിട്ട്‌ പോലും അനുകൂല നടപടികൾ ഉണ്ടായില്ല.ടൗൺ കുമ്പള പോലീസിന്റെയും, ആരോഗ്യ വകുപ്പിന്റെയും, പഞ്ചായത്തിന്റെയും നിയന്ത്രണത്തിലാക്കി യിരുന്നു.

നീണ്ട ഇടവേളയ്ക്ക്  ശേഷം കോവിഡ് നിയത്രണങ്ങളുടെ ഇ ളവിൽ ഇപ്പോൾ കടകളെല്ലാം തുറന്നിട്ടും ജനങ്ങൾ എത്തുന്നില്ലെ  ന്നാണ് വ്യാപാരികൾ പറയുന്നത്. എല്ലാ തൊഴിൽ മേഖലയും പ്രതിസന്ധി നേരിടുന്നതിനാൽ ഇത് എത്രനാൾ തുടരുമെന്ന് വ്യാപാരികൾക്ക് തന്നെ ഒരു പിടിയുമില്ല. ഇപ്പോൾ വ്യാപാരികൾ നടത്തുന്നത് നിലനിൽപ്പിനായുള്ള പോരാട്ടമാണ്.

 വാടകയും,ശമ്പളവും,  വൈദ്യുതി വില്ലടക്കാനും,ബാങ്ക് വായ്പ്പ തിരിച്ചടക്കാനും വ്യാപാരികൾ ഏറെ ക ഷ്ടപ്പെടുന്നു. കടകൾ ഏറെയും സ്വകാര്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവയാണ്. മാസത്തിൽ വൺ തുകയാണ് വാടക നൽകേണ്ടിവരുന്നത്. ഇവിടെയാണ്  വ്യാപാരികൾ പിടിച്ചു നിൽക്കാൻ സർക്കാർ സഹായം തേടുന്നത്.  ഇനിയും കടകൾ അടക്കാനുള്ള നിർദ്ദേശം ഉണ്ടാകരുതെന്ന പ്രാർത്ഥനയിലാണ് വ്യാപാരികൾ. 





No comments