JHL

JHL

ദേശീയപാത വികസനം: മൊഗ്രാൽ കൊപ്ര ബസാറിലെ കുടുംബാരോഗ്യകേന്ദ്രം സംരക്ഷിക്കപ്പെടണം.

മൊഗ്രാൽ(www.truenewsmalayalam.com) : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൊഗ്രാൽ കൊപ്രബസാർ  കുടുംബക്ഷേമ കേന്ദ്രം നഷ്ടപ്പെടുമെന്ന ആശങ്കയിൽ നാട്ടുകാർ. 

 ശിശു ക്ഷേമത്തിനായുള്ള കുത്തിവെപ്പ് അടക്കമുള്ളവ നടത്തുന്ന ഈ ആരോഗ്യകേന്ദ്രം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൻറെ കീഴിലാണ് പ്രവർത്തിച്ചു വന്നിരുന്നത്. ഇന്നിപ്പോൾ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മാറിയിട്ടുണ്ട്. ആരോഗ്യകേന്ദ്രം കൊപ്ര ബസാറിന്  സമീപത്തെ  വിടെയെങ്കിലും നിലനിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 ശ്രീമതി  ഫാത്തിമാ- അബ്ദുള്ള കുഞ്ഞി  ബ്ലോക്ക് പഞ്ചായത്ത് അംഗമായിരിക്കെയാണ്  2002ൽ ദേശീയ പാതയ്ക്കു സമീപമുള്ള സർക്കാർ സ്ഥലത്ത് കുടുംബ ക്ഷേമ കേന്ദ്രം നിർമ്മിച്ചത്. 2003ൽ  അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ചെർക്കളം അബ്ദുള്ള കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു. നേരത്തെ കൊപ്ര ബസാറിലെ ഒരു വീട്ടുപറമ്പിലെ കടയുടെ വരാന്തയിലാണ് കേന്ദ്രം പ്രവർത്തിച്ചു വന്നിരുന്നത്. കുടുംബക്ഷേമ കേന്ദ്രത്തിന് വേണ്ടി ഫാത്തിമാ- അബ്ദുല്ലകുഞ്ഞി പലപ്പോഴായി തന്റെ ശമ്പളം പോലും ഈ ആരോഗ്യ കേന്ദ്രത്തിലെ പ്രവർത്തനത്തിനായി വി നിയോഗിച്ചിരുന്നു.

 കുഞ്ഞുങ്ങളുടെ കുത്തിവെപ്പിന് പുറമേ ജീവിതശൈലി രോഗങ്ങൾക്ക് ഇവിടെ ചികിത്സയും മരുന്നും ലഭ്യമാക്കിയിരുന്നു. ഗർഭിണികൾക്ക് അടക്കമുള്ള ചികിത്സയും ഏർപ്പെടുത്തിയിരുന്നു. ആഴ്ചകൾ തോറും പ്രഷർ, പ്രമേഹ രോഗ  പരിശോധനയും നടത്തിവന്നിരുന്നു. കുമ്പള ഗ്രാമ പഞ്ചായത്തിലെ കോയിപ്പാടി, പെർവാഡ്,  ബദ്രിയാ നഗർ, പേരാൽ, മൊഗ്രാൽ, കെ കെ പുറം, കൊപ്പളം തുടങ്ങിയ വാർഡുകളിലെ ആൾക്കാർ വിവിധ ആവശ്യങ്ങൾക്ക് ഈ കുടുംബ ക്ഷേമ ആരോഗ്യ കേന്ദ്രത്തെയാണ് സമീപിച്ചിരുന്നത്. ഇത് നിലനിർത്താൻ ആവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാർ ഇപ്പോൾ ആവശ്യപ്പെടുന്നത്.

 ഇത് സംബന്ധിച്ച് മൊഗ്രാൽ  ദേശീയ വേദി  ഭാരവാഹികൾ ബന്ധപ്പെട്ട  ജനപ്രതിനിധികൾക്ക് നിവേദനം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.





No comments