JHL

JHL

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആട്‌ ഫാമിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിൽ

ബേഡഡുക്ക(www.truenewsmalayalam.com) : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആട്‌ ഫാമിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലെത്തി.

ബേഡഡുക്കയിലാണ്‌ അത്യാധുനിക സൗകര്യങ്ങളോട്‌ കൂടിയ ആട്‌ ഫാം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിര്‍മ്മിക്കുന്നത്‌. ചുറ്റുമതിലിന്റെയും കുഴല്‍ക്കിണറിന്റെയും നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്‌. കെട്ടിട നിര്‍മ്മാണത്തിന്റെ ഭാഗമായി തറയുള്‍പ്പെടെയുള്ളവയുടെ പ്രവൃത്തികളും ധൃതഗതിയില്‍ നടക്കുന്നു.

200 ആടുകളെ വീതം ഒന്നിച്ച്‌ നിര്‍ത്താവുന്ന അഞ്ച്‌ ഷെഡ്ഡുകളും ഒരു ഓഫീസ്‌ കെട്ടിടവുമാണ്‌ ആദ്യഘട്ടത്തില്‍ പണിയുക. ഇവിടെ രോഗബാധിതരായ ആളുകളെ ശുശ്രൂഷിക്കാനും ഗര്‍ഭിണികളായ ആടുകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി പ്രത്യേക സൗകര്യവും സജ്ജീകരിക്കും. ആടുകള്‍ക്ക്‌ ആവശ്യമായ ഭക്ഷണങ്ങളും ഇവിടെ തന്നെ ഉത്‌പ്പാദിപ്പിക്കും.

22. 74 ഏക്കര്‍ സ്ഥലത്താണ്‌ അത്യാധുനിക സൗകര്യങ്ങളോട്‌ കൂടിയ ആട്‌ ഫാം യാഥാര്‍ത്ഥ്യമാക്കുക.

നല്ലയിനം മലബാറി ആടുകള്‍, പാല്‍, മാംസം ജൈവവളം എന്നിവ ഇവിടെ നിന്ന്‌ ഉദ്‌പ്പാദിപ്പിക്കും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ നാമക്കല്ല്‌ മുട്ടക്കോഴിക്ക്‌ പ്രസിദ്ധമായത്‌പോലെ നല്ലയിനം ആടുകളെന്നാല്‍ ഹൈടെക്‌ ആട്‌ ഫാം ബേഡഡുക്ക എന്ന്‌ ആയി മാറും.

സര്‍ക്കാറിന്റെ വിവിധ പദ്ധതികളിലേക്കുള്ള ആട്ടിന്‍ കുഞ്ഞുങ്ങളെ നല്‍കുക എന്ന താണ്‌ പദ്ധതിയുടെ ആദ്യലക്ഷ്യം. തുടര്‍ന്ന്‌ സ്വകാര്യവ്യക്തികള്‍ക്കും നല്‍കും. മൃഗസംരക്ഷണ വകുപ്പ്‌ ജില്ലാ ഓഫീസര്‍ ഡോ. പി നാഗരാജ്‌ ആണ്‌ പദ്ധതിക്ക്‌ നേതൃത്വം നല്‍കുന്നത്‌. നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ വൈദ്യുതി കണക്ഷനുകള്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ താമസിയാതെ പൂര്‍ത്തിയാക്കി പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ്‌ അധികൃതര്‍. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു അന്നത്തെ വനം ക്ഷീര-മൃഗസംരക്ഷണ വകുപ്പ്‌ മന്ത്രി അഡ്വ. കെ രാജു ആട്‌ ഫാമിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉദ്‌ഘാടനം ചെയ്‌തത്‌.

കുറ്റിക്കാടുകളും ചെറുമരങ്ങളും യഥേഷ്‌ടമുള്ള കാസര്‍കോട്‌ ജില്ലയില്‍ പദ്ധതിക്ക്‌ മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതര്‍.മാത്രമല്ല ഫാമില്‍ നിന്ന്‌ ആടുകള്‍ ധാരാളമായി ലഭിക്കുന്നതോടെ കുതിച്ചുയരുന്ന ആട്‌ മാംസത്തിന്റെ വില സാധാരണക്കാരന്‌ കൂടി പ്രാപ്‌തമാകുന്ന സ്ഥിതി കൈവരുമെന്ന പ്രതീക്ഷയും ഉണ്ട്‌. 800 രൂപ വരെയാണ്‌ ഒരു കിലോ ആട്ടിറച്ചിയുടെ നിലവിലെ വില.





No comments