JHL

JHL

ജില്ലയിൽ 40 വിദ്യാലയങ്ങളിൽ കളിക്കളം നിർമിക്കും.

കാസർകോട്(www.truenewsmalayalam.com) : ജില്ലയിലെ നാൽപതോളം വിദ്യാലയങ്ങളിൽ കളിക്കളം നിർമിക്കുന്നു. ഒട്ടേറെ വിദ്യാലയങ്ങളിൽ കളി സ്ഥലം ഇല്ലെന്ന്  വിദ്യാർഥികളും അധ്യാപകരും  ഉൾപ്പെടെയുള്ളവർ  ജനപ്രതിനിധികൾ, വകുപ്പ് മേധാവികൾ എന്നിവരടക്കമുള്ളവരോടു പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്നാണു ജില്ലാ ആസൂത്രണ സമിതിയോഗത്തിൽ കളിക്കളം നിർമിക്കാൻ തീരുമാനിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റു ഫണ്ടുകളാണു ഇതിനായി കണ്ടെത്താൻ ആലോചിക്കുന്നത്. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലൂടെ ഓരോ പഞ്ചായത്തും ഓരോ വിളകൾ കൃഷി ചെയ്യണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ ആർ.വീണാറാണി യോഗത്തിൽ അറിയിച്ചു.

ഇതിനായി നടീൽ വസ്തുക്കൾ കർഷകർക്ക് ലഭ്യമാക്കാൻ ഓരോ പഞ്ചായത്തും 5 ലക്ഷം രൂപ മാറ്റിവയ്ക്കണം.  വിളവെടുത്ത ഉൽപന്നങ്ങൾ സംസ്‌കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാൻ ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ സംസ്‌കരണ യൂണിറ്റുകൾ തയാറാക്കണം. ജില്ലയിലെ 600 അങ്കണവാടികളിൽ  പോഷകവാടി തുടങ്ങും. 4000 രൂപയുടെ ഗ്രോബാഗിൽ വിഷരഹിത പച്ചക്കറി ഉണ്ടാക്കി കുട്ടികൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന് 24 ലക്ഷം രൂപ ചെലവ് വരും. ഇതിനായി 12 ലക്ഷം  പഞ്ചായത്തും 6 ലക്ഷം രൂപ വീതം ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും വകയിരുത്തണമെന്ന് യോഗത്തിൽ നിർദേശിച്ചു. ജില്ലയിലെ സർക്കാർ സ്‌കൂളുകളിലെ പ്രൈമറി തലത്തിലെ വിദ്യാർഥികൾക്ക് ഇംഗ്ലിഷ് , കണക്ക് വിഷയങ്ങളിൽ പ്രാവീണ്യം ഉണ്ടാക്കിയെടുക്കാൻ സംയുക്ത പദ്ധതി രൂപീകരിക്കും.  ഇതിനായി വിരമിച്ച അധ്യാപകരെ ഉൾപ്പെടുത്തി അധ്യാപക ബാങ്ക് രൂപീകരിക്കും.

തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഓഫിസിൽ 1.75 കോടി രൂപ ചെലവഴിച്ച് കോൺഫറൻസ് ഹാൾ നിർമിക്കാൻ തീരുമാനമായി. പാലായി ശുദ്ധജല പദ്ധതി നടപ്പിലാക്കേണ്ട പ്രദേശങ്ങളെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ കേരള വാട്ടർ അതോറിറ്റി ജില്ലാ ഓഫിസിനെയും യോഗം  ചുമതലപ്പെടുത്തി. സംയുക്ത പദ്ധതികൾ നടപ്പിലാക്കാൻ ജില്ലാ ആസൂത്രണ സമിതി അംഗം വി.വി.രമേശനെ കൺവീനറാക്കി മാർഗരേഖാ കമ്മിറ്റി രൂപീകരിച്ചു. സി.രാമചന്ദ്രൻ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ വി.വി.രമേശൻ, സി.ജെ.സജിത്ത്, കെ.ശകുന്തള, എസ്.എൻ.സരിത, ജോമോൻ ജോസ്, ഗോൾഡൻ അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.


No comments