JHL

JHL

ദേശീയപാത വികസനം; ഗതാഗതക്കുരുക്കിൽ വലഞ്ഞ് കാസർഗോഡ്.

കാസർഗോഡ്(www.truenewsmalayalam.com) : ദേശീയപാത വികസന ജോലികൾക്കു വേണ്ടി ഏർപ്പെടുത്തിയ ട്രാഫിക് ക്രമീകരണവും ഇടയ്ക്കിടെ ഉണ്ടാകുന്ന ഗതാഗത തടസ്സവും കാരണം 5 മിനിറ്റ് യാത്രാ ദൂരം പിന്നിടാൻ അര മണിക്കൂറിലേറെ സമയമെടുക്കുന്ന അവസ്ഥയാണ്. ടൗണിലെ ഗതാഗതക്കുരുക്ക് ബസുകളുടെ സമയത്തെയാണു കൂടുതൽ ബാധിക്കുന്നത്. പുതുക്കിയ ക്രമീകരണം കാരണം ബസുകൾക്കു കൂടുതൽ ദൂരം ഓടേണ്ടി വരുന്നു. കെഎസ്ആർടിസി ബസുകൾക്ക് കൂടുതൽ ദൂരം ഓടേണ്ടി വരുന്ന സ്ഥിതി ചിലപ്പോൾ ട്രിപ്പ് വരെ കട്ട് ആകുന്ന നിലയിലാണ്.

കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ നിന്നു പുറപ്പെടുന്ന ബസുകൾ കറന്തക്കാട് ദേശീയപാത ജംക്‌ഷനിൽ നേരിട്ടു പ്രവേശിക്കാതെ കുറച്ചു കൂടി മുന്നോട്ടു പോയി ഫയർസ്റ്റേഷൻ ഓഫിസ് മുന്നിലൂടെയുള്ള റോഡിലേക്ക് കടന്നു വേണം കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ എത്താൻ. ഇതിനിടയിൽ വൻ ചരക്കു ലോറികൾ, ടാങ്കറുകൾ കൂടി മുന്നിൽ ഉണ്ടെങ്കിൽ ലക്ഷ്യത്തിലെത്താൻ ഏറെ നേരം വേണം. ഇങ്ങനെ വരുന്ന മംഗളൂരു ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസുകൾ പുതിയ ബസ് സ്റ്റാൻഡിലെത്തി വേണം തിരികെ കറന്തക്കാട് വഴി കടന്നു പോകാൻ.

മംഗളൂരു, ചെർക്കള ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ബസുകളും പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് വഴി കെഎസ്ആർടിസി ഡിപ്പോയിലെത്തി വേണം കറന്തക്കാട് വഴി അതത് ബസുകളുടെ ലക്ഷ്യത്തിലെത്താൻ. മംഗളൂരു–കാസർകോട് സർവീസ് കെഎസ്ആർടിസി ബസ് റണ്ണിങ് സമയം 1.35 മണിക്കൂർ ആണ്. എന്നാൽ കറന്തക്കാടും എംജി റോഡിൽ ചന്ദ്രഗിരി പാലം റോഡ് ജംക്‌ഷനിലും കരുക്കിൽപ്പെട്ട് അര മണിക്കൂർ കൂടി വൈകുന്നുവെന്നാണ് ജീവനക്കാരുടെ പരിഭവം. കാസർകോട് – മംഗളൂരു 4 റൗണ്ട് ട്രിപ്പ് 424 കിലോമീറ്റർ ദൂരം ഓടിയെത്തണം. വിവിധ സ്റ്റോപ്പുകളിലും അല്ലാതെയുമായി അപ്രതീക്ഷിതമായി വൈകുന്നതിനാൽ കൃത്യത പാലിക്കാൻ കഴിയുന്നില്ലെന്നാണ് ഇവർ പറയുന്നത്. 


No comments