JHL

JHL

ജില്ലയിൽ ഇന്ന് അതി ശക്തമായ മഴക്ക് സാധ്യത.

കാസർകോട്(www.truenewsmalayalam.com) : കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് അതിശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. 24 മണിക്കൂറിൽ 115.5 മി. മീറ്റർ മുതൽ 204.4 മി. മീറ്റർ വരെ മഴയാണ് പെയ്യുക. ഈ ജില്ലകളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ 24 മണിക്കൂറിൽ 64.5 മി.മീറ്റർ മുതൽ 115.5 മി.മീറ്റർ വരെ മഴ ലഭിക്കും.

നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും മഞ്ഞ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ഏഴ് ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളത്.

മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ്അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കണം.


No comments