JHL

JHL

അബ്ദുൽറഹ്മാൻ നാങ്കി, നിസ്വാർത്ഥനായ പൊതുപ്രവർത്തകൻ; എ.കെ.എം അഷ്‌റഫ്‌ എം.എൽ.എ

മൊഗ്രാൽ(www.truenewsmalayalam.com) : ജീവകാരുണ്യ പ്രവർത്തനം ജീവിതചര്യയാക്കി മാറ്റി നാട്ടുകാരുടെ ഹൃദയത്തിൽ ഇടംനേടിയ പൊതുപ്രവർത്തകനായിരുന്നു അബ്ദുൽറഹ്മാൻ നാങ്കിയെന്ന് എ.കെ.എം അഷ്‌റഫ്‌ എംഎൽഎ പറഞ്ഞു. മൊഗ്രാൽ ടൗണിൽ ദേശീയവേദി സംഘടിപ്പിച്ച അബ്ദുൽ റഹ്മാൻ നാങ്കി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 നാട്ടുകാർ വളരെ ആദരവോടെ വിളിച്ചിരുന്ന അദ്രാൻച്ചയുടെ വി യോഗത്തോടെ നാടിന് നഷ്ടമായത് നിസ്വാർത്ഥനായ പൊതുപ്രവർത്തകനെയാ ണ്. നാടിന്റെ സകലമേഖലകളിലും തന്റേതായ കയ്യൊപ്പ് ചാർത്താൻ അബ്ദുൽ റഹ്മാൻ നാങ്കിക്ക് കഴിഞ്ഞിരുന്നു. പാവങ്ങളുടെയും, ആശയറ്റ് പോയവരുടെ യും ആശ്രയമായിരുന്നു അദ്രാൻച്ച. മൂന്നു പതിറ്റാണ്ട് പിന്നിട്ട മൊഗ്രാൽ ദേശീയ വേദിയുടെ ഉയർച്ചയിലും, സർവ്വോപരി മൊഗ്രാലിന്റെ സാമൂഹിക മണ്ഡലത്തിൽ എമ്പാടും നിറഞ്ഞുനിന്ന അബ്ദുൽ റഹ്മാൻ നാങ്കിയുടെ സേവനം മൊഗ്രാലിന്റെ ചരിത്രത്തിൽ വിസ്മരിക്കപ്പെടാത്ത വിധം അതുല്യമാണെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു.

 നിർധന കുടുംബത്തിലെ പെൺകുട്ടികളുടെ വിവാഹകാര്യങ്ങളിലാ യാലും, രോഗംകൊണ്ട് പ്രയാസപ്പെടുന്ന നിരാലംബർക്ക് സാന്ത്വനം പകർന്ന് നൽകിയും, പട്ടിണി പാവങ്ങൾക്ക് ഭക്ഷണങ്ങൾ എത്തിച്ചുനൽകാനും, അന്തിയുറങ്ങാൻ കൂരയി ല്ലാത്തവർക്ക് ഭവനനിർമാണ സഹായം എത്തിക്കാനുമൊക്കെ അബ്ദുൽറഹ്മാൻ മുൻകൈയെടുത്തു നടത്തിയ എണ്ണമറ്റ സേവനങ്ങൾ ഇശൽ ഗ്രാമം നന്ദിയോടെ ഓർക്കും.

 നാട്ടിൽ ആരു മരിച്ചാലും, അപകടത്തിൽപെട്ടാലും ആദ്യം ഓടിയെത്തുക അബ്ദുറഹ്മാൻ നാങ്കിയാണ്. മരിച്ചവരുടെ മയ്യത്ത് പരിപാലനത്തിനും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാനും അബ്ദുറഹ്മാൻ കാണിച്ച ശുഷ്കാന്തി എന്നും നാട്ടുകാരുടെ ഓർമയിൽ ഉണ്ടാകുമെന്നും യോഗം അനുസ്മരിച്ചു.

 ചടങ്ങിൽ ദേശീയവേദി പ്രസിഡണ്ട് എ.എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് മുഹമ്മദ് അബ്‌കോ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ടി കെ ജാഫർ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ എം.എ ഹമീദ് സ്പിക്, നിസാർ പെർവാ ഡ്, എം മാഹിൻ മാസ്റ്റർ,ടി എം ഷുഹൈബ്,മുകുന്ദൻ മാഷ്, എം.എ അബ്ദുൽറഹ്മാൻ, കെഎ അബ്ദുൽ റഹ്മാൻ, കെ എം മുഹമ്മദ്, ഡോ :ഇസ്മായിൽ, ബി. എൻ മുഹമ്മദ് അലി, ഖാദർ മാഷ് എംജിഎ റഹ്മാൻ,എം എം റഹ്മാൻ, എം എ മൂസ,എൽ.ടി മനാഫ്,വിജയകുമാർ, മുഹമ്മദ് സ്മാർട്ട്‌, മുഹമ്മദ് മൊഗ്രാൽ,മുഹമ്മദ് അഷ്‌റഫ്‌ സാഹിബ്‌,ഇബ്രാഹിം ഖലീൽ, എംഎ ഇക്ബാൽ, അബ്ദുള്ള അറബി എന്നിവർ സംസാരിച്ചു. റിയാസ് കരീം നന്ദി പറഞ്ഞു.


No comments