JHL

JHL

ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് മലയാളിയടക്കം ഏഴുപേർ മരിച്ചു.

ന്യൂഡൽഹി(www.truenewsmalayalam.com) : ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴുപേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരാൾ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. കെ.പി.എച്ച് റോഡ് നുള്ളക്കുളം തച്ചോളി കോയക്കുട്ടിയുടെ മകൻ ലാൻസ് ഹവിൽദാർ മുഹമ്മദ് ഷൈജൽ (41) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. ഇന്ത്യ–ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലായിരുന്നു അപകടം. പർതാപൂരിൽനിന്ന് ഹനിഫിലേക്ക് പോകുന്ന വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്ക് വീഴുകയായിരുന്നു. 26 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. പലരുടെയും നില ഗുരുതരമാണ്.

റോഡിൽനിന്ന് തെന്നിമാറിയ വാഹനം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്ന് സൈനിക വക്താവ് അറിയിച്ചു. ഗുരുതര പരിക്കേറ്റവരെ വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റാൻ വ്യോമസേനയുടെ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


No comments