JHL

JHL

മംഗൽപാടിയിൽ ഉറവിടമാലിന്യ സംസ്കരണത്തിന് പദ്ധതി

ഉപ്പള(www.truenewsmalayalam.com)  : മാലിന്യപ്രശ്നം രൂക്ഷമായ മംഗൽപാടി പഞ്ചായത്തിൽ ഉറവിടമാലിന്യസംസ്കരണത്തിന് പദ്ധതിയുമായി പഞ്ചായത്ത്. വീടുകളിൽ റിങ് കമ്പോസ്റ്റ് സംവിധാനമൊരുക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ശുചിത്വമിഷന്റെ മാലിന്യനിർമാർജനപദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ നടപ്പാക്കുന്ന റിങ് കമ്പോസ്റ്റ് പദ്ധതിയിൽ 1600 വീടുകളിൽ മാലിന്യസംസ്കരണ പിറ്റ് സ്ഥാപിക്കുന്നതിനും ഫ്ലാറ്റുകളിൽ ബയോബിന്നുകൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചിരുന്നു.

ആദ്യഘട്ടത്തിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടായതിനാൽ പ്രതീക്ഷിച്ചരീതിയിൽ മുന്നോട്ടുപോകാനായില്ല. എന്നാൽ, 600 വീടുകളിൽ റിങ് കമ്പോസ്റ്റ് പിറ്റ് എത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. ഇത് പ്രാവർത്തികമാകുന്നതോടെ പൊതുസ്ഥലങ്ങളിലും മറ്റും മാലിന്യം വലിച്ചെറിയുന്നത് കുറയ്ക്കാൻകഴിയുമെന്നാണ് കരുതുന്നത്. പഞ്ചായത്തിലെ പ്രധാന ടൗണായ ഉപ്പളയിലും പരിസരങ്ങളിലും പൊതുസ്ഥലങ്ങളിൽ മാലിന്യം കുന്നുകൂടുന്നത് പതിവായിരിക്കുകയാണ്. മാലിന്യം നീക്കുന്നതിന് സംവിധാനമില്ലാത്തതിനാൽ ആഴ്ചകളോളം ഇവ റോഡരികിലും മറ്റും കൂട്ടിയിട്ടിരിക്കുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമാകുകയാണ്. ആഴ്ചകളായി കുമിഞ്ഞുകൂടിയ മാലിന്യം രണ്ടുദിവസം മുൻപ് നീക്കംചെയ്തിരുന്നു.

No comments