JHL

JHL

ദേശീയപാത വികസനം; മൊഗ്രാൽ കൊപ്പളത്ത് ജിഎൽപി സ്കൂൾ അനുവദിക്കണമെന്ന ആവശ്യമുയരുന്നു.

 


മൊഗ്രാൽ(www.truenewsmalayalam.com) :  നിലവിലുള്ള ഏകാധ്യാപക സ്കൂളിന് പൂട്ടു വീഴുന്നതോടെ മൊഗ്രാൽ കൊപ്പളത്തിൽ ജിഎൽപി സ്കൂൾ അനുവദിക്കണമെന്ന ആവശ്യവുമായി പ്രദേശ വാസികൾ രംഗത്ത്.

 സംസ്ഥാനത്തെ ഏകാധ്യാപക സ്കൂളുകൾ അടച്ചു പൂട്ടാൻ തത്വത്തിൽ സർക്കാർ തീരുമാനിച്ചതോടെയാണ് നാട്ടുകാർ ജിഎൽപി സ്കൂളിനായി മുറവിളി തുടങ്ങിയിരിക്കുന്നത്. സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഈ വർഷം പുതിയ അഡ്മിഷൻ എടുത്തിട്ടില്ല. സ്കൂളിൽ നിലവിലുള്ള കുട്ടികൾക്ക് രണ്ടു വർഷം കൂടി പഠനസൗകര്യം ഉണ്ടാകുമെന്ന് അധികൃതർ പ്രദേശ വാസി കളെ അറിയിച്ചിട്ടുണ്ട്. അതുകഴിഞ്ഞാൽ കൊപ്പ ളം ഏകാധ്യാപക സ്കൂളിന് പൂട്ട് വീഴും.

 ദേശീയപാത ആറുവരി പാതയായി വികസിപ്പി ക്കുന്നതോടെ മൊഗ്രാൽ കൊപ്പളം അടക്കമുള്ള പടിഞ്ഞാർ പ്രദേശങ്ങളിലെ ചെറിയ കുട്ടികൾക്ക് ദേശീയപാത മുറിച്ചുകടന്ന് മൊഗ്രാൽ സ്കൂളിലെത്താൻ ഏറെ പ്രയാസപ്പെടേണ്ടി വരുംമെന്ന് പ്രദേശവാസികൾ പറയുന്നു. ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഉള്ള ജിഎൽപി സ്കൂൾ കൊപ്പളത്തിൽ അനുവദിച്ച് കിട്ടിയാൽ അത് കുട്ടികൾക്ക് ഏറെ ഉപകരിക്കും. കൊപ്പളം മുതൽ നാങ്കി വരെയുള്ള തീരദേശ മേഖലയിൽ ഗാന്ധിനഗർ  എസ് സി കോളനി അടക്കം മുന്നൂറോളം വീടുകൾ ഈ പ്രദേശത്തുണ്ട്. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശം കൂടിയാണ് കൊപ്പളം,നാങ്കി പ്രദേശങ്ങൾ. താൽക്കാലിക സംവിധാനമെന്ന നിലയിൽ സ്കൂൾ അനുവദിക്കുകയാണെങ്കിൽ കൊപ്പളം മദ്രസാ കെട്ടിടത്തിലെ ക്ലാസ്സ്‌ റൂം വിട്ടുനൽകാൻ തയ്യാറാണെന്ന് മദ്രസാ കമ്മിറ്റിയും പറയുന്നുണ്ട്.

 ഇത് സംബന്ധിച്ച് കൊ പ്പളം വാർഡ് മെമ്പർ കൗലത്ത് ബീബി കുമ്പള ഗ്രാമപഞ്ചായത്ത് അധികൃതർക്ക് സ്കൂൾ സംബന്ധിച്ച് നിവേദനം നൽകിയിട്ടുണ്ട്. കൊപ്പളം വികസന സമിതിയും ഈ ആവശ്യവുമായി രംഗത്തുണ്ട്. ജനപ്രതിനിധികളെ കണ്ട് വിഷയം ഉന്നയിക്കുമെന്ന് സമിതി അംഗങ്ങളായ ഇസ്മയിൽ -മൂസ,സിഎം ജലീൽ, ലത്തീഫ് കൊപ്പളം, ബി കെ മുനീർ എന്നിവർ അറിയിച്ചു.

No comments