ദേശിയ പാതയോരത്ത് നിന്ന് കിട്ടിയ പെരുമ്പാമ്പ് മുട്ടകള്‍ വിരിഞ്ഞു
കാസറഗോഡ് (www.truenewsmalayalam.com): ദേശീയപാത നിർമാണ ജോലികൾക്കിടെ ചൗക്കിക്കു സമീപം കണ്ടെത്തിയ പെരുമ്പാമ്പിന്റെ മുട്ടകൾ ഒന്നരമാസത്തെ കാത്തിരിപ്പിനൊടുവിൽ വിരിഞ്ഞു. 15 മുട്ടകളാണ് വിരിഞ്ഞത്. ഒൻപതെണ്ണം ഉടൻ വിരിയുമെന്നാണു കരുതുന്നത്. മുട്ട വിരിയുന്നതിനായി ആ ഭാഗത്തെ പണികൾ താൽകാലികമായി നിർത്തിവെച്ച് അധികൃതർ കാത്തുനിന്നത് ഒന്നര മാസത്തോളമാണ്. ഒന്നര മാസം മുമ്പ് ചൗക്കി സിപിസിആർഐക്ക് സമീപം ദേശീയപാത വികസനത്തിന്റെ ഭാഗമായി കലുങ്ക് നിർമിക്കുന്നതിനിടയിലാണു പെരുമ്പാമ്പിനെ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോൾ പാമ്പ് അടയിരിക്കുന്നതായി മനസിലായി. 24 മുട്ടകൾ ഉണ്ടായിരുന്നു. ഇവിടെ നിന്ന് നീക്കിയാൽ നശിച്ചുപോകുമെന്നതിനാൽ മുട്ട വിരിയാറാകുന്നത് വരെ കാത്തുനിന്നു. ഈ ഭാഗത്തെ നിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നിർത്തി. ഷെഡ്യൂൾഡ് ഒന്ന് വിഭാഗത്തിൽ പെടുന്ന ഇനമായതിനാൽ ഇവയുടെ ജീവിതത്തിന് തടസമാകുന്ന പ്രവർത്തനങ്ങൾ ഉണ്ടായാൽ പിഴയും ജയിൽ ശിക്ഷയും ലഭിക്കും. മുട്ടകൾ കണ്ടെത്തിയ സമയത്ത് ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാർ നിയമവശങ്ങൾ കമ്പനിയെ അറിയിച്ചു. മുട്ട വിരിയുന്നതു വരെയുള്ള കാര്യങ്ങൾ മഹീന്ദ്ര വൈൽഡ് ലൈഫ് ഫൗണ്ടേഷൻ ചെയർമാനും ദുബൈ ജോൺസൂസ് അക്വാടിക് സൊല്യൂഷൻ ചീഫ് സുവോളജിസ്റ്റുമായ മവീഷ് കുമാർ നിർദേശങ്ങൾ നൽകി സഹായിച്ചു. 62 മുതൽ 75 ദിവസമാണ് മുട്ട വിരിയാൻ വേണ്ട സമയം. മുന്നോടിയായി പൊട്ടലുകൾ കാണാൻ തുടങ്ങി. വിരിഞ്ഞാൽ കുഞ്ഞുങ്ങൾ റോഡിലേക്കും മറ്റും പോകുമെന്ന് കണ്ട് എല്ലാ മുട്ടകളും പെട്ടികളിലാക്കി വനം വകുപ്പ് അംഗീകാരമുള്ള റെസ്‌ക്യൂവർ അടുക്കത്ത്‌ബയലിലെ അമീന്റെ വീട്ടിലേക്ക് മാറ്റി. 15 മുട്ട വിരിഞ്ഞതോടെ വനം വകുപ്പ് റാപിഡ് റെസ്‌പോൺസ് ടീം (ആർആർടി) ഏറ്റെടുത്ത് ബോവിക്കാനം വനത്തിൽ വിട്ടു. ഡിഎഫ്ഒ പി.ബിജു, ഉദ്യോഗസ്ഥരായ ബാബു, രാജു എന്നിവർ ഒപ്പമുണ്ടായിരുന്നു.
Post a Comment