JHL

JHL

കുമ്പള ഗ്രാമ പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷനെ അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ.

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷനെ അയോഗ്യനാക്കി

തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. 2021-26 കാലയളവിലേക്ക് പഞ്ചായത്തിലേക്ക് പതിനാലാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൊഗ്ഗുവിനെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയത്. 

         ബി.എം.എസ്. പ്രവർത്തകൻ വിനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തടവ് ശിക്ഷ അനുഭവിച്ചു വരികയാണ് കൊഗ്ഗു. ശിക്ഷ കാലാവധിയായ നാലു വർഷം പൂർത്തിയാക്കിയതിനു ശേഷം ആറു കൊല്ലത്തേക്കു കൂടി അയോഗ്യത ബാധകമായിരിക്കും. കൂടാതെ വോട്ടർ പട്ടികയിൽ നിന്നും ഇയാളുടെ പേര് നീക്കം ചെയ്യാനും ഉത്തരവിൽ പറയുന്നതായാണ് വിവരം.

    കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി പി എം ടിക്കറ്റിൽ മത്സരിച്ചു ജയിച്ച ഇയാൾ ബി ജെ പിയുടെ സഹായത്തോടെ സ്ഥിരം സമിതി അധ്യക്ഷനായത് വിവാദമായിരുന്നു. പിന്നീട് കേസിൽ കോടതി ശിക്ഷ വിധിച്ചതിനെത്തുടർന്ന് കൊഗ്ഗുവിന് സ്ഥിരം സമിതി അധ്യക്ഷ പദവി രാജിവെക്കേണ്ടി വന്നു. കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിച്ച് ശിക്ഷ ഒഴിവായിക്കിട്ടാൻ ശ്രമം നടത്തിയെങ്കിലും ഏഴു വർഷം തടവ് നാലു കൊല്ലമായി ചുരുങ്ങുക മാത്രമാണുണ്ടായത്. ഇതേത്തുടർന്ന് ദിവസങ്ങൾക്കു മുമ്പ് കൊഗ്ഗു പഞ്ചായത്ത് അംഗത്വം രാജി വച്ചിരുന്നു.

കമ്മീഷൻ അയോഗ്യനാക്കിയതോടെ പത്തു വർഷത്തേക്ക് ഇയാൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുകയില്ല.


No comments