JHL

JHL

ഉള്ളാളിൽ മലയാളിയായ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയാക്കി ചിത്രീകരിച്ച ഭർത്താവ് അറസ്റ്റിൽ

ഉള്ളാൾ (www.truenewsmalayalam.com): ഭാര്യയുടെ തലയ്‌ക്കേറ്റ സാരമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞതിനാൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ ഉള്ളാൾ പോലീസ് അറസ്റ്റ് ചെയ്തു.

കുമ്പാല  ചേതൻ നഗർ സ്വദേശി ജോസഫ് ഫ്രാൻസിസ് (54) ആണ് പോലീസ് പിടിയിലായത് . ഇയാളുടെ  ഭാര്യയും  കൊച്ചി സ്വദേശിയുമായ ഷൈമ (44) ആണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉള്ളാള് പോലീസ് ദുരൂഹ മരണത്തിന് കേസെടുത്തു. പിന്നീട് പോസ്റ്റ്‌മോർട്ടത്തിൽ മരിച്ചയാളുടെ തലയിൽ കണ്ട മുറിവാണ് മരണകാരണമെന്ന് വ്യക്തമായി.

മെയ് 11ന് വാക്കുതർക്കത്തെത്തുടർന്ന് ജോസഫ് ഭാര്യയെ മൂർച്ചയേറിയ വസ്തു കൊണ്ട് അടിച്ചിരുന്നു. മരിച്ചയാൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് ഇയാൾ പോലീസിനോട് കള്ളം പറഞ്ഞു. സാരമായി പരിക്കേറ്റ ഷൈമയെ ദേർളക്കട്ടെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉള്ളാള് പോലീസ് അറസ്റ്റ് ചെയ്ത പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.  പെട്രോൾ ബങ്കുകൾ നിർമിക്കുന്ന കരാറുകാരനാണ് ജോസഫ്. കേരളത്തിൽ ഉണ്ടായിരുന്ന ഇയാൾ അഞ്ച് ദിവസം മുമ്പാണ് തിരിച്ചെത്തിയത്. മദ്യപാനത്തെ ചൊല്ലി ദമ്പതികൾ തമ്മിൽ തർക്കമുണ്ടായി, പ്രകോപിതനായ ജോസഫ് ഭാര്യ ഷൈമയെ മർദിക്കുകയായിരുന്നു.ദമ്പതികൾക്ക് പ്രൈമറി സ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്.


No comments