JHL

JHL

എൻഡോസൾഫാൻ; 5 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറിത്തുടങ്ങി.


കാസർകോട്(www.truenewsmalayalam.com) : ജില്ലയിലെ എൻഡോസൾഫാൻ‌ ദുരിത ബാധിതർക്കുള്ള നഷ്ടപരിഹാരത്തുക 5 ലക്ഷം രൂപ സംസ്ഥാന സർക്കാർ കൈമാറിത്തുടങ്ങി. കേസ് ഫയൽ ചെയ്ത 8 പേർക്കാണ് ആദ്യഘട്ടത്തിൽ‌ തുക ലഭിച്ചത്. ബാക്കിയുള്ളവരുടേതും ഉടനെ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.നഷ്പരിഹാരത്തുകയായ 5 ലക്ഷം രൂപ  ലഭിക്കാനുള്ളത് 3714 പേർക്കാണ്. 3 ലക്ഷം നൽകി ബാക്കി 2 ലക്ഷം ലഭിക്കാനുള്ളത് 1568 പേർക്കും.

തുക ഉടനെ നൽകണമെന്ന് 2 തവണ ഉത്തരവുണ്ടായിട്ടും നടപ്പാക്കാത്തതു സംബന്ധിച്ച് സെർവ് കലക്ടീവ് കൂട്ടായ്മ കോടതിയെ സമീപിച്ചതിനെ തുടർ‌ന്നാണ് നഷ്ടപരിഹാരം നൽകാനുള്ള നടപടി തുടങ്ങിയത്. കോടതി നിർദേശത്തെ തുടർന്ന് 200 കോടി രൂപ സർക്കാർ ഈയിടെ അനുവദിച്ചിരുന്നു. 2010ലെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവനുസരിച്ചുള്ള നഷ്ടപരിഹാരം ലഭിക്കാനായി ദുരിതബാധിതർ 2017ലും 2019ലുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായിട്ടും വിധി സർക്കാർ നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് എൻഡോസൾഫാൻ ദുരിത ബാധിതർക്കു വേണ്ടി പ്രവർത്തിക്കുന്ന 12 സംഘടനകളുടെ കൂട്ടായ്മയായ സെർവ് കലക്ടീവ് കോടതിയലക്ഷ്യ കേസുമായി 2020ൽ  സുപ്രീം കോടതിയെ സമീപിക്കുന്നത്. 

8 പേർ 40 ലക്ഷം രൂപ

8 രോഗികളാണ് തങ്ങളുടെ അവകാശം ലഭിച്ചിട്ടില്ലെന്ന വിവരം സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയത്. ബൈജു, അശോക് കുമാർ, മധുസൂദനൻ, സജി, ശാന്ത, രവീന്ദ്രൻ, തോമസ്, ശാന്ത കൃഷ്ണൻ എന്നിവരായിരുന്നു കോടതിയെ സമീപിച്ചത്.കേസ് ഫയൽ ചെയ്ത 8 പേർക്കും മേയ് 5ന് കേരള സാമൂഹിക നീതി വകുപ്പിൽ നിന്നു അക്കൗണ്ടിലേക്ക് 5 ലക്ഷം വീതം ലഭിച്ചു. 25 ലക്ഷത്തിൽ കവിഞ്ഞ തുകകൾ പിൻവലിക്കുന്നതിന് ട്രഷറി നിയന്ത്രണമുണ്ടായിരുന്നെങ്കിലും കോടതിയലക്ഷ്യ വിധിയായതിനാൽ ഈ നിയന്ത്രണവും മറികടന്നാണ് 8 പേർക്ക് 40 ലക്ഷം രൂപ ഒരുമിച്ചു കൈമാറിയത്. 

13 ന് സമയം തീരും 

എല്ലാവർക്കും തുക കൈമാറാൻ കോടതി അനുവദിച്ച സമയ പരിധി ഈ മാസം 13 ന് തീരും.  നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിൽ സ്വീകരിച്ച നടപടി സംബന്ധിച്ച് ഈ ദിവസം  സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകേണ്ടതുണ്ട്. 13നുള്ളിൽ മുഴുവൻ പേർക്കും നഷ്ടപരിഹാരം കൈമാറാൻ സാധിക്കുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. അങ്ങനെയെങ്കിൽ സർക്കാർ കോടതിയിൽ നിന്നു കൂടുതൽ സമയം ആവശ്യപ്പെട്ടേക്കും.


No comments