JHL

JHL

കേരള പൊലീസിന്റെ പി.സി.സി അധികാരം കേന്ദ്ര സർക്കാർ റദ്ദാക്കി.

കാസർകോട്(www.truenewsmalayalam.com) : പ്രവാസികൾക്ക് പി.സി.സി എന്ന പേരിൽ ഏറെ പരിചിതമായ ചില വിദേശ രാജ്യ യാത്രക്കാർക്ക് കേരള പൊലീസ് നൽകിവന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംവിധാനം റദ്ദായി.കേരള ഹൈക്കോടതി വിധിയെത്തുടർന്ന് ഇതിനുള്ള അധികാരം ഇനി കേന്ദ്രസർക്കാറിൽ നിക്ഷിപ്തമാണ്.കേരള പൊലീസിന്റെ അധികാരം സംസ്ഥാനത്തിനകത്തെ ജോലിയാവശ്യാർത്ഥമുള്ള സാക്ഷ്യപത്രം നൽകുന്നതിൽ പരിമിതപ്പെടുത്തിയതിനൊപ്പം സർട്ടിഫിക്കറ്റിന്റെ പേര് "കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല"എന്നാക്കിയിട്ടുമുണ്ട്.

ഇന്ത്യൻ പൗരന്റെ സ്വഭാവം സാക്ഷ്യപ്പെടുത്തൽ കേന്ദ്ര സർക്കാറിന്റെ അധികാര പരിധിയിൽ വരുന്നതാണെന്ന ഹൈക്കോടതിയുടെ കഴിഞ്ഞ ആഗസ്റ്റ് 27ലെ വിധിയുടെ ചുവടുപിടിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടത്.കേന്ദ്ര സർക്കാറും മറ്റും എതിർ കക്ഷികളായി ഫെമിൻ പണിക്കശ്ശേരി ഫയൽ ചെയ്ത ഹരജിയിലായിരുന്നു ഹൈക്കോടതി വിധി.ഈ വിധി നടപ്പാക്കാൻ നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ സെപ്റ്റംബർ 25ന് കേരള ആഭ്യന്തര വകുപ്പിന് കത്തെഴുതിയിരുന്നു.ഇതേത്തുടർന്ന് കേരള പോലീസ് സ്വന്തം അധികാരങ്ങൾ ഒഴിഞ്ഞു.

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിലെ വ്യവസ്ഥകൾ ഉദാരമാക്കി കഴിഞ്ഞ ജനുവരി 28ന് സർക്കുലർ പുറപ്പെടുവിച്ച സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഈ മാസം ഏഴിന് ഇറക്കിയ മറ്റൊരു സർക്കുലറിലൂടെയാണ് പുതിയ തീരുമാനം കീഴുദ്യോഗസ്ഥരേയും വകുപ്പിലെ വിവിധ വിഭാഗം മേധാവികളേയും അറിയിച്ചത്.

ഈ സർക്കുലർ അനുസരിച്ച് 2011ലെ കേരള പൊലീസ് നിയമം സെക്ഷൻ 59 പ്രകാരം നൽകി വന്ന പി.സി.സികൾ ഇനി ഉണ്ടാവില്ല.വിദേശ യാത്രയുമായി ബന്ധപ്പെട്ട സ്വഭാവ സാക്ഷ്യപത്രങ്ങൾ കേന്ദ്ര സർക്കാറിന്റെ ബന്ധപ്പെട്ട അധികൃതരാണ് ഇനി നൽകുക.സംസ്ഥാനത്തിനകത്ത് ജോലികൾക്ക് സർട്ടിഫിക്കറ്റ് ആവശ്യമായാൽ നൽകാനുള്ള അധികാരമേ ഇനി കേരള പൊലീസിനുള്ളൂ.അതിന് 500 രൂപ ഫീസ് അടച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലോ ജില്ല പൊലീസ് മേധിവിക്കോ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കാം.മതിയായ കാരണങ്ങളുണ്ടെങ്കിൽ മറ്റൊരാളെ ചുമതലപ്പെടുത്തിയും അപേക്ഷിക്കാം. 

ഉദ്യോഗസ്ഥർ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകും.അപേക്ഷകന്റെ പേരിൽ ട്രാഫിക്, പെറ്റി കേസുകൾ ഒഴികെ ക്രിമിനൽ കേസുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് നൽകില്ല. പകരം, കേസ് വിവരങ്ങളടങ്ങിയ കത്ത് നൽകും. തെറ്റായ വിവരങ്ങളാണ് നൽകുന്നതെങ്കിൽ സർട്ടിഫിക്കറ്റ് നിരസിക്കും.


No comments