JHL

JHL

കുമ്പളയിലെ മദ്യ രാജാവ് അണ്ണി പ്രഭാകര കാപ്പയിൽ അകത്തായി

കുമ്പള:കുമ്പളയിലെ മദ്യ രാജാവ് അണ്ണി പ്രഭാകര ഒടുവിൽ  കാപ്പയിൽ അകത്തായി.  കുമ്പള എക്‌സൈസ് ഓഫീസ് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതടക്കം 12 ഓളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുമ്പള കുണ്ടങ്കാരടുക്കയിലെ പ്രഭാകര എന്ന അണ്ണി പ്രഭാകര(53)നെതിരെയാണ് കുമ്പള പൊലീസിന്റെ നടപടി. പ്രഭാകരന്‍ നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ്. ഒരുമാസം മുമ്പാണ് കുമ്പള എക്‌സൈസ് ഓഫീസിനകത്ത് പെട്രോളൊഴിക്കുകയും പുറത്ത് നിര്‍ത്തിയിട്ട ജീപ്പ് തകര്‍ക്കുകയും ചെയ്തത്. ഈ കേസില്‍ ജയിലിലായിരുന്നു. രണ്ടാഴ്ചമുമ്പാണ് പുറത്തിറങ്ങിയത്. ആറ് മാസം മുമ്പ് കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് വീട്ടില്‍ പരിശോധനക്കെത്തിയപ്പോള്‍ അക്രമിച്ചതിനും പ്രഭാകരനെതിരെ കേസുണ്ട്. നിരവധി കേസുകളില്‍ പ്രതികളായവര്‍ക്കെതിരെ പൊലീസ് കാപ്പ ചുമത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് പ്രഭാകരനെതിരെയും നടപടി സ്വീകരിച്ചത്. വീട്ടിൽ മദ്യം സൂക്ഷിക്കാൻ രഹസ്യ അറകളൊക്കെ സജ്ജീകരിച്ച ഇയാൾ സമാന്തര മദ്യ ഷാപ്പ് നടത്തിവരികയായിരുന്നു. അബ്‌കാരി കേസുകളിലെ സ്ഥിരം പ്രതിയായ ഇയാൾ നിയമത്തിൻ്റെ പഴുതുകളിലൂടെ രക്ഷപ്പെടുകയാണ് പതിവ്. 

മദ്യവില്‍പ്പനക്കെതിരെ കുമ്പള എക്‌സൈസ് നടപടിക്കൊരുങ്ങിയ സാഹചര്യത്തിലാണ് നേരത്തെ പ്രഭാകര അക്രമം കാട്ടിയത്. എക്‌സൈസ് ഓഫീസിന്റെ ജനല്‍ വഴി പെട്രോള്‍ നിറച്ച പ്ലാസ്റ്റിക് കുപ്പി അകത്തേക്ക് വലിച്ചെറിയുകയായിരുന്നു. തുടര്‍ന്നാണ് എക്‌സൈസ് ജീപ്പ് തകര്‍ക്കാനും ശ്രമിച്ചത്.ഇതോടെയാണ് ഇയാൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ പോലീസിനായത്. 


No comments