JHL

JHL

ദേശീയപാത വികസനം; തലപ്പാടിയിൽ നിന്ന് തുമിനാട് വരെയുള്ള ഒരു കിലോമീറ്റർ പ്രധാന പാത തുറന്നു.

കാസർകോട്(www.truenewsmalayalam.com) : ദേശീയപാത വികസനം നടക്കുന്ന കേരള–കർണാടക അതിർത്തി തലപ്പാടിയിൽ നിന്ന് തുമിനാട് വരെയുള്ള പണി പൂർത്തിയായ ഒരു കിലോമീറ്റർ പ്രധാന പാത വാഹന ഗതാഗതത്തിനു തുറന്നു കൊടുത്തു. 

ജില്ലയിൽ പണി പൂർത്തിയായ ആദ്യ പ്രധാന പാതയാണ് ഇത്. 21 മീറ്റർ വീതിയിൽ ഉള്ള ആറു വരി പാതയിൽ 7 മീറ്ററിലുള്ള 2 വരി പാതയാണ് ഇത്. നേരത്തെ ഉണ്ടായിരുന്ന പ്രധാന പാത ഉൾപ്പെടുന്ന ബാക്കി സ്ഥലത്ത് നിർമാണം നടന്നു വരുന്നു. തലപ്പാടിക്കും തുമിനാടിനും ഇടയിൽ 400 മീറ്റർ ദൂരം 2 മീറ്റർ വരെ കയറ്റം കുറച്ചും തുമിനാടിനും കുഞ്ചത്തൂരിനും ഇടയി‍ൽ 300 മീറ്റർ ദൂരം 3 മീറ്റർ വരെ ഉയരം കൂട്ടിയുമാണ് പ്രധാന റോഡ് ലവൽ ചെയ്തിട്ടുള്ളത്. 

സർവീസ് റോഡുകളുടെയും മറു ഭാഗം പ്രധാന പാതയുടെയും നിർമാണം പൂർത്തിയാകാനുണ്ട്. തലപ്പാടി– ചെർക്കള റീച്ചിൽ വിവിധ ഭാഗങ്ങളിൽ കലുങ്ക്, പാലം, സർവീസ് റോഡ് നിർമാണം പുരോഗമിച്ചു വരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണം നടത്തുന്നത്. ഈ റീച്ചിലെ ഏക മേൽപാലം വരുന്ന കറന്തക്കാട്– കാസർകോട് നുള്ളിപ്പാടി മേൽപാലത്തിനുള്ള 4ാമത്തെ പില്ലറിന്റെ പൈലിങ്ജോലികൾക്കു തുടക്കം കുറിച്ചു. ഇതേത്തുടർന്ന് ഇവിടെയുള്ള ഗതാഗതം റോഡിന്റെ ഇരു ഭാഗത്തു നിന്നും വഴി തിരിച്ചു വിട്ടിട്ടുണ്ട്. 

ചൗക്കി, മഞ്ചേശ്വരം ഭാഗങ്ങളിൽ 2 കിലോമീറ്റർ പ്രധാന റോ‍ഡ് ടാറിങ് പുരോഗതിയിലാണ്. ജില്ലയിലെ രണ്ടും മൂന്നും റീച്ചിൽ ചെങ്കള –നീലേശ്വരം, നീലേശ്വരം –കാലിക്കടവ് പാതയിൽ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന് ആണ് നിർമാണ കരാർ. ഈ റീച്ചുകളിൽ പ്രധാന പാത പൂർത്തിയായ ഭാഗങ്ങളില്ല. സർവീസ് റോഡ് 2 കിലോമീറ്റർ ടാറിങ് പൂർത്തിയായി. കനത്ത മഴ കാരണം റോഡ് നിർമാണം നിലച്ചിട്ടുണ്ട്. പാലം ഉൾപ്പെടെയുള്ളവയുടെ സ്ട്രക്ചറൽ ജോലികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്.


No comments