JHL

JHL

എയിംസ്; മുഖ്യമന്ത്രി നീതിപൂർവം തീരുമാനമെടുക്കണം-രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.

കാസർകോട്(www.truenewsmalayalam.com) : എയിംസ് ജില്ലയിൽ സ്ഥാപിക്കാൻ മുഖ്യമന്ത്രി നീതിപൂർവമായ തീരുമാനമെടുക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ആവശ്യപ്പെട്ടു. നിഷ്പക്ഷനായ ഭരണാധികാരിയെന്ന നിലയിൽ നീതിപൂർവമായ തീരുമാനങ്ങളെടുക്കാൻ മുഖ്യമന്ത്രി തയ്യാറാവണം.

എയിംസ് കോഴിക്കോട്ടുതന്നെ വേണമെന്ന്‌ മുഖ്യമന്ത്രി വാശിപിടിക്കുന്നതിനുപിന്നിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്ന്‌ സംശയിച്ചാൽ ആരെയും കുറ്റംപറയാൻ കഴിയില്ല.

സർക്കാർ-സ്വകാര്യമേഖലയിൽ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രി പോലുമില്ലാത്തെ സംസ്ഥാനത്തെ ഏക ജില്ലയാണ് കാസർകോട്. ഇവിടെ എയിംസ് സ്ഥാപിക്കാതിരിക്കാൻ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രി ലോബിയുടെ ശ്രമങ്ങളുണ്ടെന്ന്‌ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് എയിംസ് വേണമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ കണ്ട ജില്ലയിലെ ചില ജനപ്രതിനിധികളുടെ മനംമാറ്റത്തിനുള്ള കാരണമെന്താണെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും മുഖ്യമന്ത്രിയുടെ നിലപാടിന് എതിരാകുമെന്ന ഭയമാണോ അവരെ പിന്മാറ്റത്തിനു പ്രേരിപ്പിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.


No comments