JHL

JHL

മഴക്കാല മുന്നൊരു ക്കമില്ല : കുമ്പളയിൽ ഓവുചാലുകൾ അടഞ്ഞ് തന്നെ.


കുമ്പള(www.truenewsmalayalam.com) : കാലവർഷം അടുത്തെത്തിയിരിക്കെ കുമ്പളയിൽ മഴക്കാല മുന്നൊരുക്കങ്ങളൊന്നും ഇല്ലാത്തത് ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നു. പഞ്ചായത്ത് പരിധിയിലെ ഒട്ടുമിക്ക ഓവുചാലുകളും മാലിന്യങ്ങളാൽ അടഞ്ഞു കിടക്കുന്നതാണ് ആശങ്കയ്ക്ക് കാരണം.

 കഴിഞ്ഞ രണ്ടുവർഷക്കാലം കോവിഡ് മൂലം ഓവുചാലുകളുടെ  ശുചീകരണ പ്രവർത്തനങ്ങളൊന്നും നടന്നിരുന്നില്ല. ഇതുമൂലം ഓവുചാലുകൾ കാടുമൂടിയും,മാലിന്യങ്ങളാ ലും മൂടപെട്ടു കിടക്കുന്നു. കാലവർഷത്തിന് മുമ്പ് മഴവെള്ളം ഒഴുകി പോകാൻ സാഹചര്യം ഒരുക്കിയില്ലെങ്കിൽ  പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങുമെന്നും,ഇത് മഴക്കാല രോഗങ്ങൾക്ക് വഴിയൊരുക്കുമെന്നും നാട്ടുകാർ ഭയക്കുന്നു.


 ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വലിയ കലുങ്കുകളും, ഓവുചാലുകളും ഇപ്പോൾ തന്നെ മൂടപ്പെട്ട അവസ്ഥയിലാണ്. ഇത് വലിയതോതിലുള്ള ആശങ്ക ജനങ്ങൾക്കിടയിലുണ്ട്. ഇതുകൂടാതെയാണ് ഉൾപ്രദേശങ്ങളിലെ സ്കൂൾ, ആശുപത്രി റോഡുകളിലെയും, ഗ്രാമീണ റോഡുകളിലെയും ഓവുചാലുകളും മാലിന്യങ്ങളാൽ മൂടപ്പെട്ടിരിക്കുന്നത്.


 മഴക്കാലത്തിനു മുൻപുള്ള സുചീകരണ പ്രവർത്തനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പതിവ് പരിപാടിയാണെങ്കിലും ഇത്തവണ അതിനു വേണ്ട ശ്രദ്ധ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. ജില്ലയിൽ ഷിഗെല്ല പോലുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ജനങ്ങൾ ഈ വിഷയത്തിൽ ആശങ്കപ്പെടുന്നത്. രോഗം പടർന്നു പിടിക്കുന്നതിന് മുഖ്യകാരണം മലിനജലം കെട്ടിക്കിടക്കുന്നതും, മാലിന്യങ്ങളുമാണ്. മഴയും മാലിന്യവും പകർച്ചവ്യാധികൾക്ക് കളമൊരുക്കുമൊ എന്ന ഭയം ജനങ്ങൾക്കിടയിലുണ്ട്.


 കാനകളും, അഴുക്കുചാലുകളും മഴയ്ക്കും മുൻപേ വൃത്തിയാക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ടവർ ചെവി കൊള്ളാത്തത് മൂലം മഴക്കാലത്ത് ഓടകൾ നിറഞ്ഞു റോഡുകൾ കുളമാകാറുണ്ട്. ഇത് വലിയ തോതിലുള്ള യാത്രാദുരിതത്തിനും കാരണമാകുന്നു. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ഓടകളിലെ മാലിന്യം നീക്കം ചെയ്യാനും, മാലിന്യം നിർമാർജനത്തിനും യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



No comments