JHL

JHL

മയക്കുമരുന്ന് കടത്ത് വ്യാപമാകുന്നു; ഡിവൈ.എസ്.പിയുടെ കീഴില്‍ പ്രത്യേക സ്‌ക്വാഡ്

കാസര്‍കോട്(www.truenewsmalayalam.com) : ജില്ലയിൽ മയക്കുമരുന്ന്​ കടത്ത്​ വ്യാപകമായ സാഹചര്യത്തിൽ നടപടി ശക്​തമാക്കി പൊലീസ്​. എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നവരെ പിടികൂടാൻ കാസര്‍കോട് ഡി.വൈ.എസ്.പിയുടെ കീഴില്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്​കരിച്ചു.

 കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ബേക്കല്‍, മേല്‍പ്പറമ്പ്, ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. ഈ പൊലീസ് സ്റ്റേഷനുകളിലെ സി.ഐമാരെയും എസ്.ഐമാരെയും ഉള്‍പ്പെടുത്തിയാണ് സ്‌ക്വാഡ് രൂപവത്​കരിച്ചത്​​. ആദൂര്‍, തലപ്പാടി ചെക്ക് പോസ്റ്റുകളില്‍ വാഹനപരിശോധനയും കർശനമാക്കും.

 കര്‍ണാടകയില്‍ നിന്ന് വാഹനങ്ങളിലും ട്രെയിനുകളിലും എം.ഡി.എം.എ കടത്തുന്നുണ്ടെന്നാണ്​ പൊലീസിന്​ ലഭിച്ച സൂചന. റെയില്‍വെ സ്റ്റേഷനിലും പരിശോധനക്ക് പൊലീസിനെ നിയോഗിക്കും.

 കാസര്‍കോട് പഴയ ബസ് സ്റ്റാൻഡ്​, പുതിയ ബസ് സ്റ്റാൻഡ്​, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡ്​ എന്നിവിടങ്ങളില്‍ രാത്രി നിരീക്ഷണം ശക്​തമാക്കും. നഗരത്തിലെ വിവിധ ക്വാര്‍ട്ടേഴ്സുകളില്‍ വാടകക്ക്​ താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ നീക്കങ്ങളും നിരീക്ഷിക്കും.

 കർണാടക വഴിയാണ്​ ജില്ലയിൽ വ്യാപകമായി മയക്കുമരുന്ന്​ കടത്തുന്നത്​. ജില്ല പൊലീസ്​ മേധാവിയുടെ നിർദേശപ്രകാരം നിലവിൽ കർശന പരിശോധനയാണ്​ നടത്തുന്നത്​. പ്രത്യേക സ്ക്വാഡ്​ കൂടിയാവുന്നതോടെ മയക്കുമരുന്ന്​ വേട്ട കൂടുതൽ ശക്​തമാവും.


No comments