JHL

JHL

കേരള കേന്ദ്ര സര്‍വകലാശാലയിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച്

കാസറഗോഡ് : മെറിറ്റ് ലിസ്റ്റ് അട്ടിമറിച്ച് നിയമിക്കപ്പെട്ട കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രഫ. എച്ച്. വെങ്കിടേശ്വരലു വിനെയും രജിസ്ട്രാർ ഡോ. എം.മുരളീധരൻ നമ്പ്യാരെയും പുറത്താക്കണമെന്നാവശ്യപ്പെട്ടും പെരിയ കേന്ദ്ര സർവകലാശാലയിലെ സ്വജനപക്ഷ പാതപരമായ മറ്റ് നിയമനങ്ങളിൽ പ്രതിഷേധിച്ചും പെരിയ കേന്ദ്ര  സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്ഐ ജില്ലാ കമ്മിറ്റി  മാർച്ച് നടത്തി.  വി.സി നിയമനത്തിനായി കേന്ദ്ര സർക്കാർ നിയോഗിച്ച സെർച്ച് ആൻഡ് സിലക്‌ഷൻ കമ്മിറ്റി കേന്ദ്ര സർക്കാരിന് നൽകിയ ചുരുക്കപ്പട്ടിക പൂർണമായും തള്ളിയാണ് വിസിയായി പ്രഫ. എച്ച്.വെങ്കിടേശ്വരലുവിനെ നിയമിച്ചതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത എസ്എഫ്ഐ ജില്ലാസെക്രട്ടറി ബിപിൻരാജ് പായം ആരോപിച്ചു. നിലവിലെ വിസിയെ സെർച്ച് കമ്മിറ്റി പ്രാഥമിക റൗണ്ടിൽ തന്നെ തള്ളിയിരുന്നു.  223 അപേക്ഷകൾ പരിശോധിച്ച സെർച്ച് കമ്മിറ്റി ആദ്യം 16 പേരുടെയും, പിന്നീട് 5 പേരുടെയും ചുരുക്കപ്പട്ടിക തയാറാക്കി. ഈ രണ്ട് ലിസ്റ്റിലും നിലവിലെ വിസി ഉൾപ്പെട്ടിരുന്നില്ല. സെർച്ച് കമ്മിറ്റി സമർപ്പിച്ച ലിസ്റ്റ് ഒരു കാരണവുമില്ലാതെ തള്ളിയ കേന്ദ്ര സർക്കാർ നിലവിലെ വിസിയെ ഉൾപ്പെടുത്തി പുതുക്കിയ ലിസ്റ്റ് ചോദിച്ചു വാങ്ങുകയായിരുന്നു. യോഗ്യതയില്ലാതെ നിയമിതനായ വിസിയെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ കേന്ദ്ര സർക്കാർ തയാറാവണമെന്നും ബിപിൻരാജ് ആവശ്യപ്പെട്ടു.  ജില്ലാ പ്രസിഡന്റ്‌ എം.ടി.സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ജാൻവി കെ.സത്യൻ, സംസ്ഥാന കമ്മിറ്റിയംഗം സച്ചിൻ ഗോപു, വിഷ്ണു ചേരിപ്പാടി, മാളവിക രാമചന്ദ്രൻ, പ്രവീൺ പാടി, കെ.അനീഷ് എന്നിവർ പ്രസംഗിച്ചു. പെരിയ–തണ്ണോട്ട് റോഡ‍ിലെ ആദ്യ കവാടത്തിൽ മാർച്ച് പൊലീസ് തടഞ്ഞു.

No comments