JHL

JHL

ഐ എസ് ബന്ധം ആരോപിച്ച് അറസ്റ്റിലായ യുവാവിന്റെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു


മംഗളൂരു: ഐ.എസ് ബന്ധം ആരോപിച്ച് മകനെ എൻ.ഐ.എ അറസ്റ്റ് ചെയ്തതിൽ മനംനൊന്ത് മംഗളൂരുവിലെ കോൺഗ്രസ് നേതാവ് ഹൃദയംപൊട്ടി മരിച്ചു. തീവ്രവാദ കുറ്റം ചുമത്തി ശിവമോഗയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത മാസ് മുനീറിന്റെ (22) പിതാവ് മുനീർ അഹമ്മദ് (57) ആണ് മരിച്ചത്. മുനീർ അഹമ്മദിനെ ഹൃദയാഘാതത്തെ തുടർന്ന് ഫാദർ മുള്ളർ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. മുനീർ അഹമ്മദ് തീർത്ഥഹള്ളി മുൻസിപ്പൽ കൗൺസിൽ അംഗവും കോൺഗ്രസ് നേതാവുമാണ്. മൃതദേഹം ശനിയാഴ്ച രാത്രി തീർത്ഥഹള്ളിയിൽ എത്തിക്കുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. മുനീർ അഹമ്മദിന്റെ സ്വദേശം തീർത്ഥഹള്ളി മീൻ മാർക്കറ്റിന് സമീപത്തെ സോപ്പുഗുയിലാണെങ്കിലും മറ്റൊരു വീട്ടിലായിരുന്നു താമസം. മുനീർ അഹമ്മദ് തന്റെ മക്കളുടെ വിദ്യാഭ്യാസത്തിനായി മംഗളൂരുവിൽ സ്ഥിരതാമസമാക്കിയതായിരുന്നു. തീർത്ഥഹള്ളിയിൽ മൊത്ത മത്സ്യ വ്യാപാരം നടത്തിയിരുന്ന മുനീർ അഹമ്മദ്

മംഗളൂരുവിലും ബിസിനസ്സ് തുടർന്നു. രണ്ട് വർഷം മുമ്പ് മംഗളൂരുവിൽ ചുമരിൽ ഐ.എസ് അനുകൂല ചുവരെഴുത്ത് നടത്തിയതിന് മാസ് അറസ്റ്റിലായപ്പോൾ മുനീറിന് ഉയർന്ന രക്തസമ്മർദ്ദം ബാധിച്ചിരുന്നു. തുടർന്ന് ഹൃദയശസ്ത്രക്രിയ നടത്തി. മകൻ വീണ്ടും അറസ്റ്റിലായപ്പോൾ അദ്ദേഹം അസ്വസ്ഥനായി കുഴഞ്ഞുവീണെന്നാണ് കുടുംബം പറയുന്നത്. മാസ് തീവ്രവാദ സംഘടനയായ അൽ ഹിന്ദിലെ അംഗമാണെന്ന് അന്വേഷണ ഏജൻസികളുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

No comments