JHL

JHL

എം എസ് എഫിന്റെ ബാലകേരളം പരിപാടി കുട്ടികളിൽ ആവേശം നിറച്ചു


കുമ്പള:എം എസ് എഫ് മൊഗ്രാൽ മേഖലാ കമ്മിറ്റി മൊഗ്രാൽ കടവത്ത് മജീദ് ഫുജൈറ കോമ്പൗണ്ടിൽ സംഘടിപ്പിച്ച ബാലകേരളം മഞ്ചേശ്വരം മണ്ഡലം തല ഉദ്ഘാടന പരിപാടി കുഞ്ഞുമക്കളിൽ ആവേശമുണ്ടാക്കി

കൃത്യം മൂന്ന് മണിക്ക് നൂറുകണക്കിന് കുരുന്നുകളുടെ പ്രകടനത്തോടെ ആരംഭിച്ച പരിപാടി രാത്രി 10 മണിവരെ നീണ്ടുനിന്നു.

കുഞ്ഞുമക്കളിൽ അന്തർലീനമായിക്കിടക്കുന്ന സർഗാത്മക കഴിവുകൾ പൊടിതട്ടി പുറത്തെടുക്കാനുള്ള വേദി കൂടിയായി പരിപാടി മാറി.

ഇന്നിന്റെ കെട്ടകാലത്ത് നിന്ന് അറിവിന്റെയും കലയുടെയും കളിയുടെയും പുതിയ ലോകത്തേക്ക് മക്കളെ കൈപിടിച്ചുയർത്താനുള്ള പുതിയ സംരംഭം അഭിനന്ദനാർഹവും മികച്ച പൗരന്മാരെ വാർത്തെടുക്കാനുള്ള ശ്രമകരമായ ദൗത്യവുമാണ്.

ഗാനാലാപന മത്സരം കുഞ്ഞിളം പ്രായത്തിൽ മൊട്ടിട്ടുവളരുന്ന കലാവാസനകളെ പരിപോഷിപ്പിക്കുന്നതായും കലാസ്വാദകരിൽ അനുഭൂതി പകരുന്നതായും മാറി

ആവേശം അലതല്ലിയ കായിക മത്സരങ്ങൾ ഒന്നിനൊന്ന് മെച്ചമായിരുന്നു. സർവശക്തിയും സംഭരിച്ച് കുട്ടികൾ തങ്ങളുടെ പോരാട്ടവീര്യം പുറത്തെടുത്തപ്പോൾ കാണികളെ അത് ആവേശത്തിന്റെ കൊടുമുടിയിലേക്ക് തള്ളിവിട്ടു. തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടമായതിനാൽ വിധികർത്താക്കളെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കുന്നത് കാണാമായിരുന്നു!!

വിവിധ കാറ്റഗറികളിലായി നടന്ന കസേരക്കളിയും ലെമൺ & സ്പൂൺ റേസും മത്സരാർത്ഥികളിൽ പുത്തനുണർവ്വ് പകർന്നു.


എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് നമീസ് കുദുകൊട്ടി അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി എ കെ ആരിഫ്,മുസ്ലീം ലീഗ് കുമ്പള പഞ്ചായത്ത് ട്രഷറർ ടി എം ഷുഹൈബ്,യൂത്ത് ലീഗ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി യുനൂസ്‌ മൊഗ്രാൽ,മണ്ഡലം എം.എസ്.എഫ് സെക്രട്ടറി മുർഷിദ് മൊഗ്രാൽ,വാർഡ് മുസ്ലീം ലീഗ് സെക്രട്ടറി ജാഫർ മൊഗ്രാൽ, എം.എസ്.എഫ് ജില്ലാ പ്രവർത്തക സമിതി അംഗം ജംഷീർ മൊഗ്രാൽ,അമീൻ കടവത്ത്,യു.എം ഇർഫാൻ,യു.എം ഷഹീർ,ഇർഫാൻ കളത്തൂർ, അലി കടവത്ത്, കെഎംസിസി നേതാക്കളായ സെഡ്.എ മൊഗ്രാൽ,അബ്ദുള്ള അബ്ബാസ്, മജീദ് ഫുജൈറ,ഡോക്ടർ ഇസ്മായിൽ, എം ജി. എ റഹ്‌മാൻ തുടങ്ങിയവർ പ്രസംഗിച്ചു.

വിജയികൾക്ക് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ സമ്മാനങ്ങൾ വിതരണം ചെയ്തു. എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി അൻസാർ വോർക്കാടി സ്വാഗതവും ട്രഷറർ മഷൂദ് ആരിക്കാടി നന്ദിയും പറഞ്ഞു.


തന്റെ കരവിരുത് കൊണ്ട് വിസ്മയം തീർത്ത ആർ. കെ കവ്വായിയുടെ ഒരു മണിക്കൂർ നീണ്ടുനിന്ന സായംസന്ധ്യയിലെ ജാലവിദ്യ കൂടിനിന്നവരിൽ അമ്പരപ്പും ജിജ്ഞാസയും തീർത്തു. കാണികളെ ഒന്നടങ്കം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ മാജിക് ഷോ മികച്ച നിലവാരം പുലർത്തുകയും നീണ്ടകയ്യടി നേടുകയും ചെയ്തു.


പരിപാടിയുടെ അവസാന ഇനമായി നൂഹ് കടവത്ത് നയിച്ച ടീം ജവാബ് അവതരിപ്പിച്ച മുട്ടിപ്പാട്ട് ശ്രോതാക്കളിൽ അനുഭൂതി പകർന്നു. മധുരം കിനിയുന്ന ഇശൽമഴ പെയ്തിറങ്ങിയ മുട്ടിപ്പാട്ടും കഴിഞ്ഞ് പരിപാടി അവസാനിക്കുമ്പോൾ സമയം രാത്രി 10 കഴിഞ്ഞിരുന്നു. അതിഗംഭീരമാം വിധം കലാ-കായിക വിരുന്നൊരുക്കിയ സംഘാടകർക്കും സൗകര്യമൊരുക്കിയ മജീദ് ഫുജൈറയ്ക്കും പ്രത്യേകം നന്ദി അറിയിച്ച്കൊണ്ടാണ് കുട്ടികളും വീക്ഷിക്കാനെത്തിയവരും മനസ്സില്ലാ മനസ്സോടെ പിരിഞ്ഞുപോയത്.

No comments