വ്യാജ രേഖ ചമച്ച് വീട് കൈയ്യേറിയതായി പരാതി.കൈയേറ്റക്കാർക്ക് ഒത്താശ ചെയ്യുന്നതായി കുമ്പള എസ്.ഐക്കെതിരെ ആരോപണം
കുമ്പള: വ്യാജ രേഖ ചമച്ച് വീട് കൈയ്യേറിയതായി പരാതി. കുമ്പള ശാന്തിപ്പള്ളയിലെ സയ്യിദ് ജാഫർ സ്വാദിഖ് സമദ് പൂക്കോയ തങ്ങൾ ബൺപത്തടുക്കയാണ് കാദർ എന്നയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
കുമ്പള ശാന്തിപ്പള്ളയിലുള്ള വീടും സ്ഥലവും വിറ്റുകിട്ടിയ പണവും തികയാത്ത പണത്തിന് നാൽപതുലക്ഷം ബാങ്ക് ലോണും സംഘടിപ്പിച്ച് സ്വാദിഖ് തങ്ങൾ പുത്തിഗെ മുഖാരിക്കണ്ടം എന്ന സ്ഥലത്ത് 3,800 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള വീടും സ്ഥലവും വാങ്ങിയിരുന്നുവത്രെ. താൻ മാനസികാസ്വാസ്ഥ്യം സംഭവിച്ച് ചികിത്സയിലിരിക്കെ അബ്ദുൽ ഖാദർ എന്ന വ്യക്തി വ്യാജ രേഖകൾ ചമച്ച് വീട് കൈക്കലാക്കുകയും അതിൽ താമസം തുടങ്ങുകയുമായിരുന്നുവെന്ന് സ്വാദിഖ് തങ്ങൾ പറയുന്നു. രോഗം ഭേദപ്പെട്ട് തിരിച്ചെത്തിയതിന് ശേഷം എന്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ അബ്ദുൽ ഖാദറും അദ്ദേഹം കുടിയിരുത്തിയ സ്ത്രീ ഉൾപ്പെടെയുള്ള മലപ്പുറം സ്വദേശികളും ഗെയ്റ്റ് പൂട്ടി കടന്നു ചെല്ലാൻ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
ഇവർ കുമ്പള പൊലീസ് ഓഫീസർ അനീഷിനെ സ്വാധീനിച്ച് തന്നെ സ്റ്റേഷനിൽ കൊണ്ടുപോയി ദേഹോപദ്രവം ചെയ്തുവെന്നും കള്ളക്കേസിൽ കുടുക്കിയെന്നും അദ്ദേഹം പറഞ്ഞു.
സ്ഥലത്തിന്റെയും വീടിന്റെയും മുഴുവൻ രേഖകളും കൈവശമുണ്ടായിട്ടും ബാങ്ക് ലോൺ വാങ്ങിയതും തിരിച്ചടവ് ചെയ്തു വരുന്നതായ രേഖകൾ ഉണ്ടായിട്ടും കള്ള രേഖകൾ ഉണ്ടാക്കി വീടും സ്ഥലവും തട്ടിയെടുത്ത കാദറിന് ഒത്താശ ചെയ്യുകയാണ് പൊലീസ് എന്ന് അദ്ദേഹം കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
Post a Comment