JHL

JHL

കാസര്‍കോഡിന് സഹായവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് 25 അംഗ സംഘം യാത്ര തിരിച്ചു; കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം ആരംഭിക്കുന്ന കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിലായിരിക്കും പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനം

തിരുവനന്തപുരം(True News 5 April 2020): സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതലുള്ള കാസര്‍കോഡിന് സഹായവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന്  25 അംഗ സംഘം യാത്ര തിരിച്ചു.  തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ 10 ഡോക്ടർമാരും 10 നഴ്സുമാരും 5 നഴ്സിങ് അസിസ്‍റ്റന്‍റുമാരുമാണ് സംഘത്തിലുള്ളത്. കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം ആരംഭിക്കുന്ന കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിലായിരിക്കും പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനം.
സ്വമേധയായാണ് ഡോക്ടർമാർ പോകുന്നതെന്നും ഈ ടീം കഴിഞ്ഞാൽ അടുത്ത സംഘം പോകുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കാസര്‍കോട്ടേക്ക് സേവനത്തിനായി യാത്ര തിരിച്ച ഡോക്ടര്‍മാരെ പ്രത്യേകം അഭിനന്ദിക്കുന്നതായും ആരോഗ്യമന്ത്രി അറിയിച്ചു. 
കാസര്‍കോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ ഒരുക്കുന്ന കൊവിഡ് സ്‍പെഷ്യാലിറ്റി ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പ്രവർത്തികൾ ദ്രുതഘതിയിൽ പുരോഗമിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സുപ്രണ്ടിന്‍റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആശുപത്രി പ്രവർത്തനത്തിന് നേതൃത്വം നൽകുക. 
പത്ത് ഡോക്ടര്‍മാര്‍, പത്ത് നേഴ്സ്, അഞ്ച് നേഴ്സിംഗ് അസിസ്റ്റന്റ് എന്നിവരാണ് സംഘത്തിലുള്ളത്. രണ്ടാഴ്ചക്കാലം ഈ സംഘം കാസര്‍കോട് ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജില്‍ തയ്യാറാക്കിയ പ്രത്യേക കോവിഡ് ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളും തീവ്ര പരിചരണ വിഭാഗവുമാണ് മെഡിക്കല്‍ കോളേജില്‍ സജ്ജമാവുന്നത്.  കോവിഡ് ആശുപത്രി പൂര്‍ണസജ്ജമാവുന്നതോടെ ഇവിടെ 300 രോഗികളെ ചികിത്സിക്കാനാവും. ജില്ലയില്‍ 135 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 10256 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. 1325 സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 374പേരുടെ പരിശോധന ഫലം ഇനിയും ലഭിക്കാനുണ്ട്. കേരള കേന്ദ്രസര്‍വ്വകലാശാല ലാബില്‍ സാംപിള്‍ പരിശോധന ആരംഭിച്ചതോടെ പരിശോധന ഫലം കാലതാമസമില്ലാതെ ലഭിക്കുമെന്നത് ജില്ലയ്ക്ക് ആശ്വാസമാണ്.

No comments