JHL

JHL

തീരദേശത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; കാസറഗോഡ് കസബ കടപ്പുറത്ത് 49 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കാസറഗോഡ് (True News 5 August 2020):കോവിഡ് സമ്പർക്ക വ്യാപനം രൂക്ഷമാകുന്ന കാസർകോട് കസബയിൽ 49 പേർ കൂടി കോവിഡ് പോസിറ്റീവ്.കസബയിൽ ഇന്നലെ 76 പേർക്കു നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച നടന്ന ക്യാംപിൽ‍ എടുത്ത സ്രവ പരിശോധനയിൽ 39 പേർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കസബയിൽ 2 തവണയായി നടത്തിയ ക്യാംപിൽ പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ എണ്ണം 88 ആയി ഉയർന്നു.   നഗരസഭയിലെ 36, 37 വാർഡുകളിൽപ്പെട്ടവർ ആണ് ഭൂരിഭാഗവും. പോസിറ്റീവ് ആയ ആശാവർക്കർമാരുടെ എണ്ണം മൂന്നായി.ഇന്നലെ ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 49 പേരിൽ 33 പേർ സ്ത്രീകൾ ആണ്.കോവിഡ് പോസിറ്റീവ് ആയവരുമായി അടുത്ത സമ്പർക്കം ഉള്ളവരുടെ പരിശോധന തുടരാനാണ് ആരോഗ്യവകുപ്പ് നിർദേശം. കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കാനുള്ള നിർദേശങ്ങൾ നൽകുമ്പോഴും ഇവിടെയുള്ള സൗകര്യങ്ങളുടെ പരിമിതികൾ പ്രധാന വെല്ലുവിളിയായി തുടരുകയാണ്.   കോവിഡ് പോസിറ്റീവ് ഉള്ളവരുമായി സമ്പർക്കം ഉള്ള പലർക്കും വീടുകളിൽ സുരക്ഷിതമായ ക്വാറന്റീൻ സൗകര്യം ഇല്ല. ഈ പ്രദേശത്തു തന്നെ ഉചിതമായ കെട്ടിടങ്ങൾ തേടുകയാണ് അധികൃതർ. അതേസമയം, മധൂർ പഞ്ചായത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രം നേത‍ൃത്വത്തിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 8 പേർ കോവിഡ് പോസിറ്റീവ്.80 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. കോവിഡ് പോസിറ്റീവായ 2 പേർ കാസർകോട് നഗരസഭയിൽ നിന്ന് ഉള്ളവരാണ്.ഇതുവരെ പഞ്ചായത്തിൽ 96 കോവിഡ് പോസിറ്റീവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

No comments