JHL

JHL

വെള്ളക്കെട്ട്: ശാശ്വത പരിഹാരമില്ല, മൊഗ്രാൽ നാങ്കി കടപ്പുറത്ത്10-ഓളം കുടുംബങ്ങൾ ദുരിതത്തിൽ

മൊഗ്രാൽ(True News 5 August2020):മഴ ശക്തി പ്രാപിച്ചതോടെ മൊഗ്രാൽ നാങ്കി കടപ്പുറത്തെ 10 -ഓളം വീടുകൾ വെള്ളക്കെട്ടിൽ കുടുങ്ങിയതോടെ  കുടുംബങ്ങൾ ദുരിതത്തിലായി.

        വർഷങ്ങളായി നാങ്കി  കടപ്പുറം പ്രദേശം മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുക പതിവാണ്. ശാശ്വത പരിഹാരം തേടി പ്രദേശവാസികൾ ബന്ധപ്പെട്ടവരെ സമീപിക്കാറുണ്ടെങ്കിലും നടപടികൾ സ്വീകരിക്കുന്നില്ലെന്ന്  ആക്ഷേപമുണ്ട്. കഴിഞ്ഞവർഷം ഏതാനും  വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. മഴ കനക്കുന്നതോടെ ഈ വർഷവും അതേ അവസ്ഥ ഉണ്ടാകുമെന്ന് കുടുംബങ്ങൾ ഭയക്കുന്നുണ്ട്. ഇപ്പോൾ തന്നെ വീടിനു ചുറ്റും മഴ വെള്ളം വലിയതോതിൽ കെട്ടിക്കിടക്കുന്നുണ്ട്. ചെറിയ കുട്ടികൾ അടക്കമുള്ള കുടുംബങ്ങളുടെ വീടുകളാണ് വെള്ളക്കെട്ട് ഭീഷണി നേരിടുന്നത്.       കോവിഡ്-19 സമ്പർക്ക വ്യാപനം തുടരുന്നതിനിടയിൽ വെള്ളക്കെട്ട് മൂലം മഴക്കാലരോഗങ്ങളും പടർന്നേക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

       അതിനിടെ ഡെങ്കിപ്പനി, ടൈഫോയ്ഡ്, വൈറൽ പനി, ന്യൂമോണിയ, കോളറ, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

         കാലവർഷക്കെടുതി നേരിടുന്ന പ്രദേശങ്ങൾ അധികൃതർ സന്ദർശനത്തിൽ ഒതുക്കാതെ വെള്ളക്കെട്ട് നേരിടുന്ന പ്രദേശങ്ങളിൽ ശാശ്വത പരിഹാരത്തിനാ  യുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും, ദുരിതം നേരിടുന്ന കുടുംബങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നും മൊഗ്രാൽ ദേശീയ വേദി ആവശ്യപ്പെട്ടു.


No comments