JHL

JHL

അമേയ് കോളനിയിലെ ആറു വീടുകൾ കുന്നിടിഞ്ഞു ഭീഷണിയിൽ

കാസറഗോഡ് (True News 10 August 2020):നഗരത്തിൽ എംജി റോഡിനു സമീപം അമേയ് കോളനിയിലെ ആറു വീടുകൾ കുന്നിടിഞ്ഞു ഭീഷണിയിൽ. വീടുകൾക്കു പിറകിലുള്ള സ്ഥലത്ത് ബഹുനില കെട്ടിടങ്ങൾ നിർമിക്കുന്നതിനു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വർഷങ്ങളായി തുടർച്ചയായി മണ്ണിടിച്ചു വരുന്നതാണ് കുട്ടികൾ ഉൾപ്പെടെ ഇരുപതിലേറെ പേർ താമസിക്കുന്ന വീടുകൾ നിലം പതിച്ചേക്കുമെന്ന ആശങ്കയിലായത്.       വീടിനു അരികിൽ  30 മീറ്ററോളം താഴ്ചയിൽ ആണ് കുഴിയെടുത്തത്. മണ്ണിടിച്ചു താഴ്ത്തിയ ഭാഗത്ത് വീടുകൾക്കു  സംരക്ഷണ ഭിത്തിയില്ല. പട്ടിക ജാതി വിഭാഗ കുടുംബങ്ങളാണ് ഇവർ. സംരക്ഷണ ഭിത്തി കെട്ടാനുള്ള സാമ്പത്തിക ശേഷിയില്ല. വർഷങ്ങളായി അധികൃതർക്കു പരാതി നൽകുക പതിവാണ്.      വീടുകൾക്കും ജീവനും അപായം ഉണ്ടാകുന്ന വിധത്തിൽ അരിക് ഇടിച്ചു താഴ്ത്തൽ തടയാൻ നടപടികൾ എടുക്കുന്നില്ലെന്നാണ്  പരാതി.    വീട്ടു പറമ്പിലെ തെങ്ങ് തുടങ്ങിയവയും മറ്റും നിലം പതിക്കുമെന്ന നിലയാണ്.    ബഹു നില കെട്ടിടം നിർമിക്കുന്നതിനായി പില്ലറുകൾ സ്ഥാപിച്ചു വരുന്ന ഭാഗത്ത് കനത്ത മഴ കാരണം കുളത്തിന്റെ വിസ്തൃതിയിൽ വെള്ളം കെട്ടി നിൽക്കുകയാണ്. സമീപത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്നതിനും ഇത് ഇടയാക്കും.    അമേയ് കോളനിയിലെ രാമൻ, ലീല,സദാനന്ദ, ജയന്ത തുടങ്ങിയവരുടെ വീടും പറമ്പും ആണ് ഏറെയും  ഭീഷണിയിൽ. ജൂലൈ 3 നു പട്ടികജാതി വകുപ്പ്, റവന്യു, നഗരസഭ അധികൃതർക്കു പരാതി നൽകിയിരുന്നു.  സ്ഥലം പരിശോധിച്ചു പോയെങ്കിലും പരിഹാരം അനിശ്ചിതമായി നീളുന്നു.

No comments