JHL

JHL

പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ചെന്നൈ(True News 25.09.2020):സംഗീതം കൊണ്ട് വിസ്മയം തീർത്ത എസ് പി ബി വിടചൊല്ലി. അതിരുകളും സംസ്​കാരങ്ങളും ഭാഷയുമെല്ലാം തന്റെ മാന്ത്രിക ശബ്​ദത്തിൽ അലിയിച്ചു കളഞ്ഞ ആ അനുഗൃഹീത സ്വരധാര നിലച്ചു.​ തെക്കും വടക്കുമെന്ന ഭേദമില്ലാതെ രാജ്യം മുഴുവൻ പാട്ടിന്റെ പാലാഴിയൊരുക്കിയ സംഗീത മാന്ത്രികൻ എസ്​.പി. ബാലസുബ്രഹ്​മണ്യം ഒടുവിൽ മരണത്തിന്​ കീഴടങ്ങി. 'എസ്​.പി.ബി' എന്ന ചുരുക്കപ്പേരിൽ ഇന്ത്യയുടെ മനസ്സുകീഴടക്കിയ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്​.പി. ബാലസുബ്രഹ്മണ്യം ആരാധകരുടെയും സംഗീത പ്രേമികളുടെയും അകമഴിഞ്ഞ പ്രാർഥനകൾ വിഫലമാക്കി അരങ്ങൊഴിയുന്നത് 74ാം വയസ്സിൽ​. 

സമയവും കാലവും കീഴടക്കിയ സ്വരമാധുരിയിൽ അര നൂറ്റാണ്ടിലേറെയായി കലാപ്രേമികളെ ആസ്വാദ്യതയുടെ ഉത്തുംഗതയിലെത്തിച്ച സംഗീത ചക്രവർത്തിയുടെ വിടവാങ്ങൽ രാജ്യത്തി​ന്റെ  ദുഃഖമായി. കോവിഡ്​ ബാധിതനായി ചെന്നൈയിലെ എം.ജി.എം ഹെൽത്ത്​ കെയറിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേയാണ് ഉച്ചക്ക് 1.04നായിരുന്നു​ അന്ത്യം. മരണ വിവരം മകൻ എസ്.പി.ബി ചരൺ ആണ് മാധ്യമങ്ങളെ അറിയിച്ചത്. 

അദ്ദേഹത്തിന്റെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് സിനിമ താരങ്ങളടക്കം ആകുലപ്പെട്ടിരുന്നു.നടൻ കമൽ ഹാസൻ ഇന്ന് രാവിലെ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു എന്ന് റിപോർട്ടുകൾ പറയുന്നു. 

 

No comments