മണ്ണംകുഴിയിൽ ആംബുലന്‍സിനെ തീവെച്ച് നശിപ്പിച്ച കേസില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു
ഉപ്പള(True News 24.09.2020): മണ്ണംകുഴിയിൽ ആംബുലന്‍സിനെ തീവെച്ച് നശിപ്പിച്ച കേസില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. മണ്ണംകുഴി നേര്‍വഴി ഇസ്ലാമിക് സെന്ററിന് കീഴിലുള്ള ആംബുലന്‍സാണ് ഏഴാം തിയ്യതി തിങ്കളാഴ്ച അര്‍ധരാത്രി പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. തുടക്കത്തില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നെങ്കിലും പിന്നീട് മന്ദഗതിയിലായി. പത്തോളം പേരെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രതികളെ കുറിച്ച് സൂചന ലഭിച്ചില്ല. തീവെച്ച് രക്ഷപ്പെടുന്ന പ്രതിയുടെ ദൃശ്യം പ്രദേശത്തെ സി.സി. ടി.വിയില്‍ പതിഞ്ഞെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് ഏതാനും ദിവസം മുമ്പ് ഒരു യുവാവ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആംബുലന്‍സിനെ കുറിച്ച് ശബ്ദ സന്ദേശം പ്രചരിപ്പിച്ചിരുന്നു. ഈ യുവാവ് പൊലീസ് നിരീക്ഷണത്തിലാണ്. ആംബുലന്‍സ് കത്തിക്കാന്‍ യുവാവിന്റെ ശബ്ദസന്ദേശം കാരണമായതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞിരുന്നു.

അഞ്ച് വര്‍ഷം മുമ്പ് മണ്ണംകുഴി ഗ്രൗണ്ടില്‍ വെച്ച് സ്‌കൂള്‍ ബസ് കത്തിച്ച കേസിലെ പ്രതികളെയും ഇതുവരെ പിടികൂടാനായിട്ടില്ല. ആംബുലന്‍സ് കത്തിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ആംബുലന്‍സ് അസോസിയേഷനും സമരത്തിനൊരുങ്ങുകയാണ്. മണ്ണംകുഴി ഗ്രൗണ്ട് പരിസരം സന്ധ്യ മയങ്ങിയാല്‍ കഞ്ചാവ് സംഘത്തിന്റെ താവളമായി മാറുകയാണ് എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു യുവാവിനെ കാറില്‍ തട്ടിക്കൊട്ട് പോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതും ഗ്രൗണ്ടിനടുത്താണ്. രാത്രിയില്‍ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്.

Post a Comment