സഹികെട്ട് യുവാക്കളിറങ്ങി അഴിതുറന്നു; കൊപ്പളത്തെ വെള്ളക്കെട്ട് ഇറങ്ങിത്തുടങ്ങി

കുമ്പള(True News 21.09.2020): തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ മൊഗ്രാൽ കൊപ്പളം നാങ്കി തീരപ്രദേശങ്ങളിൽ വലിയതോതിൽ രൂപപ്പെട്ട വെള്ളക്കെട്ട് യുവാക്കളിറങ്ങി അഴിമുഖം തുറന്നതോടെ ഇറങ്ങിത്തുടങ്ങി. ഇത് രണ്ടാം തവണയാണ് വെള്ളക്കെട്ട് ഒഴിവാക്കാൻ കൊപ്പളത്തെ യുവാക്കൾ അഴി മുറിക്കുന്നത്.
ഞായറാഴ്ച നാങ്കി കടപ്പുറം, കൊപ്പളം തീരദേശ നിവാസികൾക്ക് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. പ്രദേശത്തെ ഇരുപത്തഞ്ചോളം വീടുകൾക്ക് ചുറ്റും വലിയ തോതിൽ വെള്ളം കെട്ടി നിന്നത് ഭീഷണിയായി മാറി. മിക്ക വീടുകളുടെയും വരാന്ത വരെ വെള്ളമെത്തിയതോടെ ഏത് സമയവും വീടുകളിൽ വെള്ളം കയറുമെന്ന അവസ്ഥയുണ്ടായി. കിണറുകളിലൊക്കെ ചുറ്റിൽ നിന്നുള്ള വെള്ളം കയറി നിറഞ്ഞതോടെ കുടിവെള്ളത്തിനും പാകം ചെയ്യുന്നതിനും ജലക്ഷാമം നേരിട്ടു.

കടൽക്ഷോഭം ഉള്ളതിനാൽ തിരമാലകൾ വന്ന് അഴി വീണ്ടും മൂടപ്പെടുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതിനിടെ ദിവസങ്ങളോളം നിരന്തരം അറിയിച്ചിട്ടും പ്രദേശം പഞ്ചായത്ത്-റവന്യൂ അധികൃതർ സന്ദർശിക്കാത്തതിൽ നാട്ടുകാരിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
മൂസ കൊപ്പളം, സാദിഖ്, ജലീൽ സി എം, അബൂബക്കർ ഫിഷ്, റസാഖ് കൊപ്പളം, അബൂബക്കർ സി കെ, അബ്ബാസ് സി കെ, അജ്മൽ, അബ്ദുല്ല, നിയാസ്, മുനസിർ എന്നിവരുടെ നേതൃത്വത്തിലാണ് അഴിമുഖം തുറന്നത്.
ഫോട്ടോ :വെള്ളക്കെട്ട് ഒഴിവാക്കാൻ കൊ പ്പളത്തെ യുവാക്കൾ ചേർന്ന് അഴി മുറിച്ചു മാറ്റി വെള്ളം കടലിലേക്കൊഴുക്കുന്നു
Post a Comment