JHL

JHL

ജീവനക്കാരുടെ ശമ്പളം പിടിച്ച് പറിക്കാൻ വീണ്ടും നീക്കം : സെറ്റ്കോ പ്രക്ഷോഭത്തിലേക്ക്

കാസറഗോഡ്  : സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം വീണ്ടും പിടിച്ച് പറിക്കാനുള്ള നീക്കത്തിനെതിരെ വരും ദിനങ്ങളിൽ  ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ  സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേർസ് കോൺഫെഡറേഷൻ (സെറ്റ്‌കോ ) ജില്ലാ പ്രവർത്തക സമിതി  യോഗം തീരുമാനിച്ചു .നിരന്തരമായി ജീവനക്കാരെയും അദ്ധ്യാപകരെയും  പീഡിപ്പിക്കുന്ന ഇടത് സർക്കാർ നയങ്ങൾക്കെതിരെ  വിവിധ സമരപരിപാടികൾക്കാണ് സെറ്റ്കോ യോഗം രൂപം നൽകിയിട്ടുള്ളത്. 


നാലര വർഷമായി ജീവനക്കാരുടെയും അധ്യാപകരുടെയും പല ആനുകൂല്യങ്ങളും സർക്കാർ  തടഞ്ഞുവെച്ചിരിക്കുകയാണ്.ആദ്യഘട്ട സാലറി കട്ടിൽ പിടിച്ചെടുത്ത തുക പണമായി തിരിച്ച് നൽകുമെന്ന വാഗ്ദാനത്തിന് വിപരീതമായി അടുത്ത സർക്കാരിന്റെ ബാധ്യതയാക്കി അത്  മാറ്റിയിരിക്കുന്നു  .ഒന്നര വർഷമായി കുടിശ്ശികയുള്ള ക്ഷാമബത്ത നൽകാനോ  ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്താനോ യാതൊരു നീക്കങ്ങളുമില്ല.പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്ന കാര്യത്തിൽ മൗനം പാലിക്കുന്നു. ലീവ് സറണ്ടർ അടക്കം മരവിപ്പിക്കുകയും ജീവനക്കാർക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു.  

ഈ  സാഹചര്യത്തിൽ രണ്ടാമതും ഒരു സാലറി കട്ട് അടിച്ചേൽപ്പിച്ച് ജീവനക്കാരെയും അദ്ധ്യാപകരെയും ദുരിതത്തിലാക്കാനുള്ള  നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് സെറ്റ്കോ  യോഗം ആവശ്യപ്പെട്ടു. 

ചെയർമാൻ കരീം കോയക്കീൽ അധ്യക്ഷത വഹിച്ചു. കൺവീനർ നാസർ നങ്ങാരത്ത് സ്വാഗതം പറഞ്ഞു.വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്  യഹ്‌യ മാസ്റ്റർ, നൗഫൽ ഹുദവി,യുസഫ് ആമത്തല, സയ്യിദ് (കെ എ ടി എഫ്)ഷെരീഫ് കോളേത്ത്, അൻവർ കെ.ടി,  ഖദീജത്തുന്നിസ്സ , അബ്ദുൽറഹിമാൻ (കെ എച്ച് എസ് ടി യു )അത്താവുള്ള മാസ്റ്റർ, അബ്ദുൽ ഗഫൂർ,സമീർ തെക്കിൽ, മുഹമ്മദ്‌ കുഞ്ഞി ( കെ.എസ്.ടി യു) ടി.കെ അൻവർ, ഒ.എം.ഷഫീഖ്, സലീം.ടി, അബ്ദുറഹ്മാൻ നെല്ലിക്കട്ട (എസ് ഇ യു)സൈനുദ്ദീൻ എൻ പി, അൻവർ ഷമീം ( എസ്.ജി.ഒ.യു) എന്നിവർ പ്രസംഗിച്ചു.ട്രഷറർ മുഹമ്മദ് കുട്ടി മാസ്റ്റർ നന്ദി പറഞ്ഞു.



No comments