JHL

JHL

10000 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവിങ് നടത്തി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കാസർകോട് സ്വദേശിയായ ആറു വയസുകാരൻ.

തളങ്കര∙ 10000 അടി ഉയരത്തിൽ നിന്ന് മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ സ്കൈ ഡൈവിങ് നടത്തി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് കാസർകോട് സ്വദേശിയായ ആറു വയസുകാരൻ.

 ദുബായ് ജെംസ് ലെഗസി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയും കാസർകോട് തളങ്കര പള്ളിക്കാൽ ഹൈദർ, ഫസ്മീന ദമ്പതികളുടെ മകനുമായ അമാൻ മുഹമ്മദിനാണ് ഈ നേട്ടം. ‌സെർബിയയിലെ ബെൽഗ്രേഡിലായിരുന്നു അമാന്റെ പ്രകടനം. ഒറ്റ എൻജിൻ മാത്രമുള്ള വിമാനത്തിൽ കയറി പതിനായിരം അടി ഉയരത്തിലെത്തി താഴേയ്ക്കു ചാടിയാണു നേട്ടം കൊയ്തത്. സ്കൈ ഡൈവിങ്ങിനായി അമാൻ ഒരു മണിക്കൂർ 10 മിനിറ്റാണ് എടുത്തത്. ചാട്ടത്തിന്റെ ആദ്യ 40 സെക്കൻഡ് സമയം കഴിഞ്ഞാണു പാരച്യൂട്ട് തുറക്കുക. ബാക്കി ദൂരം മേഘങ്ങൾക്കിടയിലൂടെ സഞ്ചരിച്ചാണു താഴോട്ടുള്ള യാത്ര.  

സെർബിയയിലാണ് അമാൻ സ്കൈ ഡൈവിങ് പരിശീലനം നേടിയത്. കഴിഞ്ഞ മാസം 17നായിരുന്നു റെക്കോർഡിന് അർഹനാക്കിയ പ്രകടനം. നേരത്തേ ബെൽഗ്രേഡ് തെരുവിൽ ബോളിവുഡ് താരം റൺവീർ സിങ്ങിനോടൊപ്പം നൃത്തം ചെയ്തും അമാൻ നവ മാധ്യമങ്ങളിൽ ശ്രദ്ധേയനായിരുന്നു. 13കാരനായ സഹോദരൻ വാഹിസ് നേരത്തെ ദുബായിയിൽ സ്കൈ ഡൈവിങ് നടത്തിയിരുന്നു. ഇതിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് അമാനും മുന്നോട്ടു വന്നത്. ദുബൈയിൽ ബിസിനസുകാരനായ പിതാവ് ഹൈദർ കുടുംബ സമേതമാണു ദുബായിൽ താമസം. 





No comments