JHL

JHL

അർധരാത്രിയിൽ പ്രവർത്തിച്ച ഹോട്ടൽ അടപ്പിക്കാനുള്ള പൊലീസ് നടപടി; 15 പേർക്കെതിരെ കേസ്.

ഉദുമ(www.truenewsmalayalam.com) : അർധരാത്രിയിൽ പ്രവർത്തിച്ച ഹോട്ടൽ അടപ്പിക്കാനുള്ള പൊലീസ് നടപടി സംഘർഷത്തിൽ കലാശിച്ചു. ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തിൽ എസ്ഐ ഉൾപ്പെടെ 8 പേർക്ക് പരുക്കേറ്റു. സംഭവത്തിൽ 15 പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ഹോട്ടൽ ഉടമ അബ്ദുൽ മജീദി(40)നെ അറസ്റ്റു ചെയ്തു.  പ്രകോപനമില്ലാതെ പൊലീസാണു സംഘർഷമുണ്ടാക്കിയതെന്നു ഹോട്ടലുടമ ആരോപിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് രാത്രി 10നു ശേഷവും ഹോട്ടൽ പ്രവർത്തിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തിയതെന്നും ഹോട്ടലുടമ തങ്ങളെ കയ്യേറ്റം ചെയ്യുകയാണുണ്ടായതെന്നും പൊലീസ് പറഞ്ഞു. ബേക്കൽ സ്റ്റേഷനിലെ എസ്ഐ പി.ജെ.സെബാസ്റ്റ്യനെ പരുക്കുകളോടെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടിക്കുളത്തെ ഹോട്ടൽ ഉടമയും കാഞ്ഞങ്ങാട് കൊളവയൽ സ്വദേശിയുമായ അബ്ദുൽ മജീദിന്റെ മകനെയും സഹോദരിയെയും ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ 5 പേരെയും പരുക്കേറ്റതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  സംഘർഷമുണ്ടായ ഹോട്ടലിനു പ്രവർത്തിക്കാൻ മതിയായ രേഖകളില്ല എന്ന് പൊലീസ് വാദമുന്നയിച്ചിരുന്നു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉദുമ പഞ്ചായത്ത് അധികൃതർ കെട്ടിട ഉടമയ്ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടിസ് നൽകി. 

പൊലീസ് വിശദീകരണം ഇങ്ങനെ: 

നിലവിൽ രാത്രി 10 വരെയാണു കടകൾക്കു തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചിരിക്കുന്ന സമയം. എന്നാൽ സംഘർഷം നടന്ന സ്ഥലത്തെ ഹോട്ടൽ നിയമലംഘനം നടത്തി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് നേരത്തെ 3 തവണ ഇതേ ഹോട്ടലിനെതിരെ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. അതിനു ശേഷവും ഹോട്ടൽ പഴയതു പോലെ പ്രവർത്തിച്ചു വരികയായിരുന്നു.

ഇന്നലെ രാത്രി 11 കഴിഞ്ഞിട്ടും ഹോട്ടൽ അടയ്ക്കാൻ തയാറായില്ല. എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി ഹോട്ടൽ അടക്കാൻ നിർദേശിച്ചു. എന്നാൽ ഹോട്ടലുടമ പൊലീസിനു നേരെ കയ്യേറ്റം നടത്തി. വിവരമറിഞ്ഞു കൂടുതൽ പൊലീസെത്തിയപ്പോൾ പതിനഞ്ചോളം പേർ പൊലീസിനു നേരെ തിരിയുകയായിരുന്നു. ഇതോടെ പൊലീസിനും ബലം പ്രയോഗിക്കേണ്ടി വന്നു.

കാസർകോട് ∙ ലോക്ഡൗൺ സമയം ലംഘിച്ചതിന് പിഴ ഈടാക്കുന്നതിനു പകരം ഹോട്ടലിൽ കയറി ഉപഭോക്താക്കളെയും ജീവനക്കാരെയും പൊലീസ് ക്രൂരമായി മർദിച്ചുവെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ. ലോക്ഡൗൺ നിയമം ലംഘിച്ചതിനു കേരളം ഇതു വരെ കാണാത്ത നടപടിയാണു കോട്ടിക്കുളത്തെ ഹോട്ടലിൽ പൊലീസിന്റെ ഭാഗത്തു നിന്നു ഉണ്ടായതെന്നും സാധനങ്ങൾ വലിച്ചെറിഞ്ഞ നടപടി ന്യായീകരിക്കാനാവില്ലെന്നും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുല്ല താജ് , സെക്രട്ടറി നാരായണൻ പൂജാരി എന്നിവർ ആരോപിച്ചു.

സിസിടിവി ദൃശ്യം ഉൾപ്പെടെ പരിശോധിച്ചു വിശദമായ അന്വേഷണം നടത്തി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ഉദുമ യൂണിറ്റ് പ്രസിഡന്റ് അഷ്റഫ് സാഗർ, സെക്രട്ടറി രാജേഷ് പെരിയ എന്നിവർ ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കിൽ ഹോട്ടലുകൾ അടച്ചിടുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.





No comments