JHL

JHL

എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച കേസില്‍ പ്രതിയായ അധ്യാപകനെതിരെ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌.

മേല്‍പറമ്പ്‌(www.truenewsmalayalam.com) : എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച കേസില്‍ പ്രതിയായ അധ്യാപകനെതിരെ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ തയ്യാറായതായി പൊലീസ്‌. കോഴിക്കോട്‌ പാസ്‌പോര്‍ട്ട്‌ ഓഫീസില്‍ നല്‍കിയ നോട്ടീസിന്‌ മറുപടി കിട്ടിയാല്‍ ഉടന്‍ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പ്രസിദ്ധീകരിക്കുമെന്നും പൊലീസ്‌ പറഞ്ഞു.

അതേസമയം സ്വകാര്യ സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥിനിയായ കളനാട്‌ വില്ലേജ്‌ ഓഫീസിന്‌ സമീപത്തെ സഫാ ഫാത്തിമ ജീവനൊടുക്കിയ കേസില്‍ പോക്‌സോ, ഐ ടി വകുപ്പുകള്‍ പ്രകാരം പ്രതി ചേര്‍ക്കപ്പെട്ട അധ്യാപകന്‍ ആദൂരിലെ ഉസ്‌മാനെ (26) കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌. പെണ്‍കുട്ടി ജീവനൊടുക്കിയ വിവരം അറിഞ്ഞതിനെ തുടര്‍ന്ന്‌ ഒളിവില്‍ പോയ ഉസ്‌മാന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത നിലയിലാണ്‌. ഇയാള്‍ കര്‍ണ്ണാടകയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ്‌ പൊലീസിന്റെ കണക്ക്‌ കൂട്ടല്‍.

അതേസമയം സഫാഫാത്തിമയുടെ മരണത്തില്‍ ബാലാവകാശ കമ്മീഷന്‍ പൊലീസിനോട്‌ റിപ്പോര്‍ട്ട്‌ തേടി. ഒക്‌ടോബര്‍ നാലിന്‌ കേസില്‍ വിശദ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ്‌ കുമാര്‍ ജില്ലാ പൊലീസ്‌ മേധാവി പി ബി രാജീവ്‌, ബേക്കല്‍ ഡിവൈ എസ്‌ പി സി കെ സുനില്‍കുമാര്‍, മേല്‍പറമ്പ്‌ ഇന്‍സ്‌പെക്‌ടര്‍ ടി ഉത്തംദാസ്‌ എന്നിവരോട്‌ ആവശ്യപ്പെട്ടു. സഫാ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ മൊഴിയെടുക്കല്‍ തുടരുകയാണ്‌. പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിന്റെ മേധാവി, മാനേജര്‍ എന്നിവരില്‍ നിന്നും പൊലീസ്‌ ഇന്നലെ മൊഴിയെടുത്തു.





No comments