പെർള അടുക്കസ്ഥലയിൽ അപകടക്കുഴി
പാതയോട് ചേർന്ന് അടുക്കസ്ഥലയിലുള്ള വലിയ കുഴി അപകടഭീതിയുണ്ടാക്കുന്നു. ജലവിഭവവകുപ്പിന്‍റെ കുടിവെള്ള സംഭരണിയിലേക്കുള്ള പൈപ്പ് പൊട്ടി രൂപപ്പെട്ടതാണ് കുഴി.
അടുക്കസ്ഥല പുഴയിൽനിന്ന് നല്ക്കയിലുള്ള ജലസംഭരണിയിലേക്ക് വെള്ളം പമ്പുചെയ്യുന്ന പ്രധാന പൈപ്പ് പൊട്ടിയാണ് കുഴിയുണ്ടായത്. പൈപ്പ് നന്നാക്കുന്ന പണി തീർത്തുവെങ്കിലും റോഡ് നന്നാക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണ് എന്ന നിലപാടിലാണ് ജലവിഭവ വകുപ്പ്. രണ്ട് മാസത്തിലേറെയായിട്ടും ഈ കുഴി അടയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടിയൊന്നും എടുത്തിട്ടില്ല.
ഇങ്ങനെയൊരു കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. വാഹനങ്ങൾക്കും കാൽനടക്കാർക്കും ഒരുപോലെ ഭീഷണിയായ കുഴിക്കു മുകളിലായി തന്റെ കടയിൽനിന്ന് ഒരു മേശ എടുത്തുവെച്ച് അപകടസാധ്യത കുറയ്ക്കാൻ ശ്രമിക്കുകയാണ് തൊട്ടടുത്ത കടക്കാരനായ ശിവപ്രസാദ്.
ഈ പ്രധാന പാതയിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കുഴിയടയ്ക്കാൻ എന്നാണ് അധികൃതർ കനിയുകയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
Post a Comment