JHL

JHL

വിവാദങ്ങൾക്കൊടുവിൽ കുമ്പള ഗ്രാമ പഞ്ചായത്ത് സി പി എം അംഗം കൊഗ്ഗു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചു.

കുമ്പള(www.truenewsmalayalam.com) : വിവാദങ്ങൾക്കൊടുവിൽ കുമ്പള ഗ്രാമ പഞ്ചായത്ത് സി പി എം അംഗം കൊഗ്ഗു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചു.  രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷപദമാണ് രാജി വെച്ചത്.

 കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കുമ്പള ഗ്രാമ പഞ്ചായത്തിലെ പെർവാർഡ് വാർഡിൽ നിന്ന് ഇടതുപക്ഷ സ്ഥാനാർത്ഥിയായി  മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ട കൊഗ്ഗു,  പഞ്ചായത്തിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ഏക അംഗമാണ്. തന്റെ കന്നി മത്സരത്തിൽ തന്നെ തെരഞ്ഞെടുക്കപ്പെടുകയും ഇടതുപക്ഷ അനുകൂലികളായി അദ്ദേഹം ഉൾപ്പെടെ കേവലം മൂന്ന് അംഗങ്ങളുടെ പിൻബലം മാത്രമുണ്ടായിട്ടും സ്ഥിരം സമിതി അധ്യക്ഷ പദവി നേടുകയും ചെയ്തു. 

          അധ്യക്ഷ പദവിയിലെത്തിയതിനു ശേഷം അദ്ദേഹത്തിന് പലതരത്തിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നു. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി നേടിയതാണ് സ്ഥിരം സമിതി അധ്യക്ഷ പദവി എന്നതായിരുന്നു ഏറ്റവും വലിയ ആക്ഷേപവും വിമർശനവും. പാർട്ടിക്കകത്തു നിന്നും അണികളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഈ പദവിയെച്ചൊല്ലിയുണ്ടായ ആക്ഷേപങ്ങളെയും സമർദങ്ങളെയും  മുസ്ലിം ലീഗിൽ നിന്നുണ്ടായ വിമർശനങ്ങളെയും അതിജീവിച്ചു വരുന്നതിനിടെയാണ് വർഷങ്ങൾക്കു മുമ്പ് ബി ജെ പി പ്രവർത്തകൻ കോയിപ്പാടിയിലെ വിനു കടവരാന്തയിൽ കൊല്ലപ്പെട്ട കേസിൽ കൊഗ്ഗുവിനെതിരെ കോടതി ഏഴു വർഷം തടവു ശിക്ഷ വിധിക്കുന്നത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച കൊഗ്ഗുവിന്റെ ശിക്ഷ  ജനുവരി ആദ്യവാരം കോടതി ശരിവെക്കുകയും എന്നാൽ ശിക്ഷയിൽ ഇളവ് അനുവദിക്കുകയും ചെയ്തു. ശിക്ഷ നാലു വർഷം തടവായി ചുരുങ്ങിയെങ്കിലും സ്ഥിരം സമിതി അധ്യക്ഷ പദവി ഒഴിയണമെന്ന സമർദ്ദം കൂടി വന്നു. കോടതി ശിക്ഷ വിധിച്ച കൊലക്കേസ് പ്രതി പദവിയിൽ തുടരുന്നത് വ്യവസ്ഥക്ക് നിരക്കാത്തതെന്നാണ് മുസ്ലിം ലീഗ്

ബി ജെ പി പാർട്ടികൾ ഉയർത്തിയ വാദം. എന്നാൽ ബിജെപിയാണ് എന്നെ പദവിയിലെത്തിച്ചതെന്നും അതുകൊണ്ടുതന്നെ രാജിയുടെ ആവശ്യമില്ലെന്നുമായിരുന്നു കൊഗ്ഗുവിന്റെ പ്രതികരണം. ഇതിനിടെയാണ് ബി ജെ പി ക്കകത്ത് പ്രശ്നം രൂക്ഷമാകുന്നതും പാർട്ടി ജില്ല ഓഫീസ് പ്രവർത്തകർ താഴിട്ട് പൂട്ടുന്നതും. സി പി എം സഹായത്തോടെ നേടിയ സ്ഥിരം സമിതി അധ്യക്ഷ പദവികളെ ചൊല്ലിയായിരുന്നു ബിജെപിയിലെ പ്രശ്നമെങ്കിലും അതും കൊഗ്ഗുവിന്റെ രാജിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് നിരീക്ഷിക്കുന്നത്. സമ്മർദങ്ങൾക്കൊടുവിൽ മറ്റു രണ്ട് അധ്യക്ഷ പദവികൾ വഹിക്കുന്ന ബിജെപി അംഗങ്ങൾക്ക് പദവി രാജി വെക്കേണ്ടി വന്നാൽ കൊഗ്ഗുവിനും പദവി ഒഴിയേണ്ടത് അനിവാര്യമായിത്തീരുമായിരുന്നു. ഇത് മനസ്സിലാക്കിയായിരുന്നു രാജി എന്നാണ് അറിയുന്നത്.


No comments