JHL

JHL

അനുമതിയില്ലാതെ ജനറൽ ആശുപത്രിവളപ്പിലെ മരങ്ങൾ മുറിച്ച സംഭവം; വിജിലൻസ് പരിശോധന നടത്തി.

കാസർകോട്(www.truenewsmalayalam.com) : ജനറൽ ആശുപത്രിവളപ്പിലെ മരങ്ങൾ അനുമതികൂടാതെ മുറിച്ചുകടത്തിയ സംഭവത്തിൽ കാസർകോട് വിജിലൻസ് ഉദ്യോഗസ്ഥർ ആസ്പത്രിവളപ്പിലും നഗരസഭാ ഓഫീസിലും പരിശോധന നടത്തി.

 വിജിലൻസ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക്‌ എത്തിയത്‌. ക്രമക്കേടുകൾ കണ്ടെത്തിയതായി വിജിലൻസ് സംഘം അറിയിച്ചു.

ജനറൽ ആസ്പത്രിയിലേക്കുള്ള റോഡ് വീതികൂട്ടി വികസിപ്പിക്കാനായിരുന്നു നഗരസഭയുടെ ആദ്യ തീരുമാനം. എന്നാൽ ഇത് പിന്നീട് തിരുത്തി നിലവിലുള്ള റോഡിനെ നായക്സ് റോഡിലേക്ക് ബന്ധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയെങ്കിൽ ആകെ ഒരു മരം മാത്രമേ മുറിക്കേണ്ടതുള്ളൂവെന്നും വിജിലൻസ് കണ്ടെത്തി.

നഗരസഭയിൽ നടത്തിയ പരിശോധനയിൽ മരം മുറിക്കുന്നതിനായി മൂന്ന് ക്വട്ടേഷനുകളാണ് സ്വീകരിച്ചത്.

എന്നാൽ ക്വട്ടേഷൻ അംഗീകരിച്ച് നടപടികൾ പൂർത്തിയാകുംമുൻപ്‌ മരം മുറിക്കുകയായിരുന്നു. ക്വട്ടേഷൻ പ്രകാരം മരം മുറിക്കാൻ മാത്രമാണ് അനുമതി നല്കേണ്ടത്. എന്നാൽ അത് ലഭിക്കുംമുൻപ്‌ മുറിക്കുകയും മുറിച്ച മരങ്ങൾ കടത്തുകയും ചെയ്തത് നഗരസഭാധികൃതരുടെ മൗനാനുമതിയോടെയാകാമെന്നും ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പരിശോധനയിൽ എട്ടെണ്ണം പൂർണമായും ഒന്ന്‌ പകുതിയും മുറിച്ച നിലയിൽ കണ്ടെത്തി. അതിൽ അഞ്ചെണ്ണം തേക്കുകളും ബാക്കി വാകയുൾപ്പെടെയുള്ള പൂമരങ്ങളാണെന്നും വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. മരങ്ങളുടെ ആകെ മൂല്യം കണക്കാക്കുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.



No comments