JHL

JHL

ദേശീയപാത വികസനം; നൂറ്റിയമ്പത് വർഷത്തിലധികം പഴക്കമുള്ള കിണറും റാട്ടയും നഷ്ടപ്പെടുന്ന ആകുലതയിൽ പത്മനാഭ.

കുമ്പള(www.truenewsmalayalam.com) : ദേശീയപാത വികസന പ്രവർത്തി അതി വേഗം പുരോഗമിക്കവെ, തന്റെ വീട്ടുമുറ്റത്തെ നൂറ്റിയമ്പതു വർഷത്തിലധികം പഴക്കമുള്ള കിണറും റാട്ടയും നഷ്ടപ്പെട്ടു പോകുമെന്ന ആധിയിലാണ് കുമ്പള ആരിക്കാടി കടവത്തെ പത്മനാഭ.

 മൂന്നു തലമുറകൾക്കു മുമ്പ് തന്റെ മുത്തച്ഛൻ കുട്ടി ബെൽചാടയ്ക്ക് പാരമ്പര്യമായി കിട്ടിയ സ്വത്തിന്റെ ഒരംശത്തിലാണ് മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടൻറായി ജോലി ചെയ്തുവരുന്ന പത്മനാഭ, അമ്മ ബേബി, ഭാര്യ വിമല, വിദ്യാർത്ഥിയായ മകൻ ഷാമിത് എന്നിവർ താമസിക്കുന്നത്. ഇവരുടെ താമസത്തിന് എഴുപത്തിയഞ്ചു വർഷത്തിലേറെ പഴക്കമുണ്ടെന്നതിന് വേണ്ട രേഖകൾ പക്കലുണ്ട്. തൊണ്ണൂറുകളിൽ ഈ കുടുംബത്തിന്  14 സെന്റ് സ്ഥലുണ്ടായിരുന്നുവത്രെ. റോഡ് വികസനവുമായി ബന്ധപ്പെട്ട് 1992-ൽ സ്ഥലമേറ്റെടുക്കാനെത്തിയ അധികൃതർ തങ്ങളുടെ ഇരുനില വീടുൾപ്പെടുന്ന 9 സെൻറിലധികം സ്ഥലം അക്വയർ ചെയത് ഒഴിഞ്ഞു പോകാൻ നോട്ടീസ് നൽകിയത്രെ.

അസുഖം ബാധിച്ച് കിടപ്പിലായിരുന്ന അച്ഛൻ സുകുമാര പ്രതിഫലമൊന്നും കൂടാതെ സ്ഥലം വിട്ടുനൽകുകയായിരുന്നുവെന്ന് പത്മനാഭ പറഞ്ഞു. അന്ന് ആ വീടിനകത്തായിരുന്നു റാട്ടയോടു കൂടിയ ഈ കിണർ. വീടു പൊളിച്ചുമാറ്റി ശേഷിച്ച നാലര സെന്റ് ഭൂമിയിൽ ഒതുക്കി കെട്ടിയപ്പോൾ കിണർ നിന്ന സ്ഥലം മുറ്റത്തിന്റെ അരികായി മാറി.

നേരത്തെ ആ ഭാഗത്ത് നൂറു മീറ്ററോളം ചുറ്റളവിൽ താമസിക്കുന്ന നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണറാണിത്. ഏത് കൊടും വേനലിലും വറ്റാത്ത, കുളുർമ്മയുള്ള വെള്ളം തരുന്ന കിണർ എന്നാണ് പ്രദേശത്ത് ഇതിനെ അറിയപ്പെടുന്നത്. മാത്രമല്ല, റാട്ട ഉപയോഗിക്കുന്നതിനാൽ അനായാസം കോരിയെടുക്കാമെന്ന പ്രത്യേകതയും ഇതിനുണ്ട്.

  ഇന്നു കണ്ടു വരുന്ന ഉരുക്ക് കൊണ്ടുണ്ടാക്കിയ കപ്പികൾ നിലവിൽ വരുന്നതിന് മുമ്പ് പുരാതന ശിൽപ വേലയിൽ പേരുകേട്ട ആശാരിമാരാണ് മരം കൊണ്ട്, വെള്ളം കോരാനുപയോഗിക്കുന്ന റാട്ടകൾ നിർമ്മിച്ചിരുന്നതെന്ന് പത്മനാഭ വിശദീകരിച്ചു. അക്കാലത്ത് കിണറുകൾ അടുക്കള ഭാഗത്ത് വീട്ടിനകത്തുനിന്ന് വെള്ളം കോരിയെടുക്കാൻ പാകത്തിൽ വീടിനോട് ചേർന്നോ വീടിനകത്തോ ആണത്രെ നിർമ്മിച്ചിരുന്നത്. 

റോഡു പണിയുമായി ബന്ധപ്പെട്ട് മൂടപ്പെടുമെന്ന് മനസ്സിലായതോടെ വീടിന്റെ വടക്കുവശത്ത് ഒരു കുഴൽ കിണർ ഉണ്ടാക്കിയിരുന്നു. ഇത്തവണ റോഡ് വികസനത്തിന് അക്വയർ ചെയ്തപ്പോൾ നേരത്തെ നഷ്ടപ്പെട്ട 9.5 സെന്റ് കൂടാതെ ഈ കുഴൽ കിണറും 1.5 സെന്റ് സ്ഥലവും നിലവിലെ വീടും കൂടി പത്മനാഭന് നഷ്ടപ്പെടുന്നുണ്ട്. വീടിനും സ്ഥലത്തിനുമായി ഏകദേശം 33.5 ലക്ഷം ലഭിക്കാൻ ധാരണയായിട്ടുടുള്ളതായി പത്മനാഭ മാധ്യമത്തോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഫൈനൽ ഹിയറിങ് ലാന്റ് ട്രൈബ്യൂണലിന് മുമ്പാകെ ഈ മാസം അവസാനം നടക്കാനിരിക്കുകുകയാണത്രെ.

ശേഷിക്കുന്ന മൂന്ന് സെന്റ് ഭൂമി വീടുവെക്കാൻ പ്രാപ്തമല്ലെന്നാണ് പത്മനാഭ പറയുന്നത്. അതിനാൽ ഹിയറിങ് കഴിഞ്ഞാലുടൻ വീട് ഒഴിഞ്ഞു കൊടുക്കേണ്ടി വരും. വീടൊഴിയാൻ ഉത്തരവുണ്ടായാൽ എന്തു ചെയ്യുമെന്നറിയാതെ അങ്കലാപ്പിലാണ് പത്മനാഭയും കുടുംബവും.

No comments