JHL

JHL

സാഹസികതയുടെ ട്രാക്കിലൂടെ മൂസാഷരീഫ് റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു

പ്രായം അമ്പത് തികഞ്ഞെങ്കിലും തളരാത്ത പോരാട്ട വീര്യവുമായി സാഹസികതയുടെ ട്രാക്കിലൂടെ മൂസാഷരീഫ് റെക്കോർഡുകൾ ഒന്നൊന്നായി ഭേദിച്ച് അജയ്യനായി കുതിക്കുകയാണ്.

 1993 ൽ കരാവലി ബൈക്ക് റാലിയിലൂടെ അരങ്ങേറ്റം കുറിച്ച ഷരീഫ്  300 കാർ റാലിയിൽ മത്സരിച്ചു എന്ന റെക്കോർഡിന്റെ അരികിലാണിപ്പോൾ. 298 റാലിയിൽ ഇതിനകം കളത്തിലിറങ്ങിയ മൂസാ ഷരീഫ് ഇനി രണ്ട് റാലികളിൽ മത്സരിച്ചാൽ 300 റാലിയിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലാകും. ഇന്നലെ കോയമ്പത്തൂരിൽ ആരംഭിച്ച ദേശീയ കാർ റാലി ചാമ്പ്യഷിപ്പിൽ കളത്തിലിറങ്ങുന്നതോടെ റാലിയുടെ ചരിത്ര പുസ്തകത്തിൽ മൂസാ ഷരീഫിന്റെ പേരിൽ ഒരു പുതിയ ഏട് കൂടി തുന്നിച്ചേർക്കപ്പെടും.

മോട്ടോർ സ്പോർട്സ് മേഖലയിൽ 30 വർഷം പൂർത്തിയാക്കുന്നു എന്ന ഇന്ത്യയിൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത അപൂർവ്വ ബഹുമതിയും റെക്കോർഡുകളുടെ തോഴനായ മൂസാ ഷരീഫിന്റെ പേരിൽ ഇതിനകം കുറിക്കപ്പെട്ടുകഴിഞ്ഞു.

റാലി റൈഡറായാണ് ഈ മേഖലയിലേക്ക് പ്രവേശിച്ചതെങ്കിലും നാവിഗേറ്ററായി  നിലയുറപ്പിച്ച്, ഇന്ത്യൻ കാർ റാലി സർക്യൂട്ടിലെ തന്നെ ഒന്നാം നമ്പർ നാവിഗേറ്ററായി മാറാൻ മൂസാ ഷരീഫിന് അധിക സമയം വേണ്ടിവന്നില്ല. ഈ പടയോട്ടത്തിനിടയിൽ മൂസാ ഷരീഫ് കരഗതമാക്കിയ നേട്ടങ്ങൾ എണ്ണമറ്റതാണ്.

ലിംക ബുക്സ് ഓഫ് റെക്കോർഡിൽ നേരത്തെ തന്നെ ഇടം നേടിയ ഈ പ്രതിഭയെ ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ 'ഖേൽരത്ന' അവാർഡിന് 2021ൽ ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ്‌ ഇന്ത്യ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

10 വ്യത്യസ്ത രാജ്യങ്ങളിലായി 69 അന്താരാഷ്ട്ര റാലിയടക്കം 298 റാലികളിൽ മൂസാ ഷരീഫ് ഇതിനകം മാറ്റുരച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒന്നാം നമ്പർ റാലി ഡ്രൈവറായ ഗൗരവ് ഗില്ലിനൊപ്പം ചേർന്ന് ഏഴ് തവണ ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പിൽ മുത്തമിട്ടിട്ടുണ്ട്. നിലവിൽ എക്കാലത്തെയും ഇന്ത്യൻ റെക്കോർഡ് ആണിത്.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാർ റാലി വിജയം നേടിയ താരം എന്ന ബഹുമതിയും മൂസാ ഷരീഫിന്റെ പേരിൽ തന്നെയാണ്.

35 ഇന്ത്യൻ ദേശീയ റാലി ചാമ്പ്യൻഷിപ്പുകളിൽ ഓവറോൾ വിജയം നേടിയ മൂസാ ഷരീഫ് അന്താരാഷ്ട്ര റാലികളിൽ പാറിച്ച വെന്നിക്കൊടികൾ ചില്ലറയല്ല. ഖത്തറിലും മലേഷ്യയിലും യു. എ. ഇ യിലുമെല്ലാം ഒരിക്കലും  വിസ്മരിക്കാൻ സാധിക്കാത്ത രീതിയിൽ തന്റെ നാമം തങ്കലിപികളിൽ ഷരീഫ് അടയാളപ്പെടുത്തിയിട്ടുണ്ട്. യു എ ഇ യിലെ വിവിധ എമിറേറ്റ്സുകളിലെ ദുർഘടം പിടിച്ച പാതകളിലൂടെയായി നടന്ന യു.എ.ഇ ദേശീയ കാർ റാലിയിൽ(ഫ്രണ്ട് വീൽ ഡ്രൈവ് ക്ലാസ്) തുടർച്ചയായി നാല് തവണയാണ് സനീം സാനിയുമായി ചേർന്ന് ഷരീഫ് മുത്തമിട്ടത്.

വിരമിക്കലിനെക്കുറിച്ച് ആലോചിട്ടേയില്ലെന്ന് പറയുന്ന ഷരീഫ് ഇനിയുമേറെ അങ്കങ്ങൾക്ക്  ബാല്യമുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു. വീടിന്റെ സ്വീകരണ മുറി തനിക്ക് ലഭിച്ച പതക്കങ്ങളാലും ട്രോഫികളാലും വീർപ്പുമുട്ടുമ്പോഴും ഈ മേഖലയിൽ ഇനിയുമേറെ ചെയ്യാനുണ്ടെന്നാണ് ഷരീഫ് പറയുന്നത്. മികച്ച സംഘാടകനായ ഷരീഫ് ഇന്ത്യൻ മോട്ടോർ സ്പോർട്സ് ക്ലബ് പ്രസിഡണ്ട് കൂടിയാണ്. നിരവധി കാർ റാലികൾ ഐ എം എസ് സി ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. പുതിയ തലമുറയെ ഈ മേഖലയിലേക്ക് ഉയർത്തികൊണ്ടുവരാനുള്ള നൂതന പദ്ധതികളും ഐ എം എസ് സി ആവിഷ്കരിച്ച് വരുന്നു.

മൂസാ ഷരീഫിന്റെ നേട്ടങ്ങളുടെ ഗ്രാഫ് കുത്തനെ ഉയരുമ്പോഴും  സർക്കാറിന്റെയോ കായിക വകുപ്പിന്റെയോ ഭാഗത്ത് നിന്ന് ഷരീഫിനോ മോട്ടോർ സ്പോർട്സിനോ ആവശ്യമായ പരിഗണന ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ഖേൽരത്ന അവാർഡിന് മോട്ടോർസ് സ്പോർട്സ് മേഖലയിൽ നിന്ന് മൂന്ന് നാമനിർദ്ദേശങ്ങൾ ഉണ്ടായിട്ടും ഒന്ന് പോലും പരിഗണിക്കാത്തത് ഇതിന് ഉദാഹരണമായി ഷരീഫ് തന്നെ സാക്ഷ്യപ്പെടുത്തുന്നു.

കോവിഡ് വ്യാപനം മൂലം നീട്ടി വെച്ച 2021 ലെ ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 25 മുതൽ മൂന്ന് റൗണ്ടുകളായി നടക്കുമ്പോൾ ഷരീഫ് വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. മാർച്ച് 29 വരെയായി നീളുന്ന ചാമ്പ്യൻഷിപ്പ് കോയമ്പത്തൂർ, ബംഗ്‌ളൂരു,ചെന്നൈ എന്നീ സ്ഥലങ്ങളിലായാണ് നടക്കുന്നത്. രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ ഇന്ത്യയുടെ ഭാഗ്യ ജോടികളായ മൂസാ ഷരീഫ് -ഗൗരവ് ഗിൽ സഖ്യം എട്ടാം ദേശീയ കാർ റാലി കിരീടം തേടി സാഹസികതയുടെ ട്രാക്കിൽ ഇറങ്ങുമ്പോൾ നമുക്കൊന്നായി വിജയാശംസകൾ നേരാം..

എഴുത്ത്: ടി. കെ അൻവർNo comments