JHL

JHL

കോട്ടക്കുന്ന് ബീഫാത്തിമ ഹജ്ജുമ്മ കുടുംബ സംഗമം തലമുറകളുടെ കൂടിച്ചേരലായി

വലിയപറമ്പ്(www.truenewsmalayalam.com) : മൊഗ്രാൽ പുത്തൂർ കോട്ടക്കുന്നിലെ മഹിതമായ ബീഫാത്തിമ ഹജ്ജുമ്മ തറവാട്ടുകാരുടെ സംഗമം ഇടയിലക്കാട് കവ്വായി കായലിൽ 'വലിയപറമ്പ ക്രുയിസ് ' ഹൗസ് ബോട്ടിൽ വെച്ച് ചേർന്നു. 'മധുരസ്മരണകളുമായി തലമുറകളുടെ കായൽ യാത്ര' എന്ന പേരിൽ ബീഫാത്തിമയുടെ മക്കളും,പേരമക്കളും, മരുമക്കളുമടക്കം നൂറോളം പേർ ബോട്ടിൽ ഒത്തുചേർന്നത് അക്ഷരാർത്ഥത്തിൽ തലമുറകളുടെ കൂടിച്ചേരലായി മാറി.

ആദര-അനുമോദന-കലാ-കായിക പരിപാടികൾ സംഗമത്തിന് കൊഴുപ്പേകി.

ആടിയും പാടിയും നർമ്മം വിതറിയും അനുഭവങ്ങൾ പങ്ക് വെച്ചും പരിപാടിക്കെത്തിയവർ സംഗമത്തെ സമ്പന്നമാക്കി. ബീഫാത്തിമയുടെ പേരക്കുട്ടികളുടെ പേരക്കുട്ടികളടക്കം കുടുംബ സംഗമത്തിൽ സംബന്ധിച്ചത് കൗതുകമുളവാക്കി.

പ്രോഗ്രാം കോർഡിനേറ്റർ ടി. കെ അൻവറിന്റെ സ്വാഗതഭാഷണത്തോടെ  ആരംഭിച്ച കുടുംബ സംഗമം മുജീബ് കോളിയടുക്കം ഉദ്ഘാടനം ചെയ്തു. ഹകീം കമ്പാർ അധ്യക്ഷത വഹിച്ചു.ബീഫാത്തിമയടക്കം കുടുംബത്തിൽ നിന്ന് മണ്മറഞ്ഞുപോയവർക്ക് പ്രത്യേക പ്രാർത്ഥന നടത്തി.

ബീഫാത്തിമയുടെ ഏക മരുമകളും കുടുംബത്തിന്റെ നെടുംതൂണുമായ ഖദീജ കോട്ടക്കുന്നിനെ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു. ബീഫാത്തിമയുടെ മക്കളായ മറിയമ്മ മുഹമ്മദ്‌ കമ്പാർ, കദീജ ഫക്രുദ്ദീൻ മൊഗ്രാൽ, റുഖിയ ഷാഫി സുണ്ണംകുളം എന്നിവർക്ക്  ഷാളണിയിച്ചു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഹാദി മുഹമ്മദ്‌,ഹിബ മറിയം, അൻഷാദ് റഹ്മാൻ, നിഹാൽ അബ്ദുള്ള, സുറൂറ മുസമ്മിൽ എന്നീ പ്രതിഭകളെ ഉപഹാരം നൽകി അനുമോദിച്ചു.

കുടുംബ സംഗമത്തിനായി മാത്രം രചിച്ച മൂന്ന് ഗാനങ്ങളുടെ ആലാപനവും കുസൃതി ചോദ്യങ്ങളും സ്പോട്ട് സമ്മാനങ്ങളും അനുഭവ ഭാണ്ഡങ്ങളുടെ ചെപ്പ് തുറക്കലുമെല്ലാം ഒത്തുകൂടിയവരിൽ  എന്തെന്നില്ലാത്ത അനുഭൂതി പകർന്നു. അൻവർ എൻ.കെ , അബ്ദുൽ റഹ്മാൻ ഉളുവാർ, നൗഫൽ ബാഡൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു.

കവ്വായി കായലിന്റെ ഇരു പാർശ്വങ്ങളിലുമുള്ള പ്രകൃതിരമണീയമായ സുന്ദരകാഴ്ചകളും, ആവേശകരമായ മ്യൂസിക്കൽ ചെയർ, ക്യാപ് പാസ്സിങ് മത്സരങ്ങളും, കുരുന്നു മക്കളുടെ മിഠായി പെറുക്കൽ മത്സരവും, വിഭവസമൃദ്ധമായ കേരള ഭക്ഷണവുമെല്ലാം കുടുംബ സംഗമത്തെ അവിസ്മരണീയമാക്കി മാറ്റി. സുലൈ സുണ്ണംകുളം, സിദ്ദീഖ് ബണ്ടശാല, വാരിസ് കടവത്ത്, ഷമീമ ടീച്ചർ, തസ്‌രിയ ഷറഫുദ്ദീൻ, സുമയ്യ ജാഫർ പ്രസംഗിച്ചു. സുഹ്‌റ ആലമ്പാടി, സുലു സുബൈർ, സുബൈദ അൻവർ, നിഷ മുജീബ്, ആയിഷ റഫീഖ്, സുമയ്യ ഹകീം, മിസ്‌രിയ അബ്ബാസ്, റംസി നൗഫൽ, ഇപ്പു സുലൈ, സമീറ റഹ്മാൻ, ബുഷ്‌റ സിദ്ദീഖ്, മുബി നിസാർ, തബ്ഷി വാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.

കുടുംബ സംഗമം സമ്മാനിച്ച അമ്പരപ്പും ത്രില്ലും വിട്ടുമാറാതെ, ഇനിയും ഒത്തുകൂടാമെന്ന പ്രതിജ്ഞയിൽ പരസ്പരം ആശ്ലേഷിച്ച് മനസ്സില്ലാ മനസ്സോടെ പിരിയുമ്പോൾ സമയം വൈകിട്ട് 6 മണി കഴിഞ്ഞിരുന്നു.



No comments