JHL

JHL

വിവാദങ്ങൾക്കൊടുവിൽ ബിജെപിയും സ്ഥിരം സമിതി രാജിവച്ചു.

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പദവിയെച്ചൊല്ലിയുണ്ടായ രാഷ്ട്രീയ വിവാദങ്ങൾക്കൊടുവിൽ ബിജെപി അംഗങ്ങളും സമിതി അംഗത്വം ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ രാജിവച്ചു. 

 വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രേമലത, ആരോഗ്യം വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷ പ്രേമാവതി എന്നിവരും മറ്റ് ആറ് സ്ഥിരം സമിതി അംഗങ്ങളുമാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം രാജി സമർപ്പിച്ചത്. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി പി എമ്മിലെ കൊഗ്ഗു കഴിഞ്ഞ ദിവസം രാജിക്കത്ത് സമർപ്പിച്ചിരുന്നു.

ബിജെപിക്ക് ആകെ ഒമ്പതംഗങ്ങളുണ്ടെങ്കിലും അംഗമായ വിദ്യ എൻ പൈ സ്ഥലത്തില്ലാത്തതിനാൽ രാജി സമർപ്പിച്ചിട്ടില്ല. ഇതോടെ ഈ പദവികളിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് അനിവാര്യമെന്നിരിക്കെ പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ചതിനു ശേഷം വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ മുസ്ലിം ലീഗ് അംഗങ്ങളും കൂടി സമിതി അംഗത്വങ്ങൾ രാജിവച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന. 

 മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ യു ഡി എഫിന്നും ബി ജെ പിക്കും ഒമ്പതു വീതം സീറ്റുകളാണുള്ളത്. ഒരു വിമത അംഗത്തിന്റെയും ഒരു എസ് ഡി പി ഐ അംഗത്തിന്റെയും നിരുപാധിക പിന്തുണയിലാണ് ഭരണം. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പുകളിൽ നേരത്തെ സി പി എം വിട്ടു നിന്നിരുന്നു. സ്വതന്ത്രരുൾപ്പെടെ സി പി എമ്മിന് മൂന്നംഗ ങ്ങളുണ്ട്. നിലവിലെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടന്നാൽ യു ഡി എഫിന് രണ്ടും ബിജെപിക്ക് ഒന്നും സ്ഥിരം സമിതി പദവികൾ ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ സ്ഥിരം സമിതി തെരഞ്ഞെടുപ്പുകൾക്കു ശേഷം സി പി എമ്മിനുണ്ടായ രാഷ്ട്രീയ മാനക്കേടും വിമർശനങ്ങളും കണക്കാക്കിയാൽ വരും സ്ഥിരം സമിതി അധ്യക്ഷരെ തെരഞ്ഞെടുക്കുമ്പോൾ പാർട്ടി അംഗങ്ങൾ നിഷ്പക്ഷത പാലിക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ഇതു സംഭവിച്ചാലാണ് യു ഡി എഫിന് രണ്ട് അധ്യക്ഷ പദവികൾ ലഭിക്കുക.



No comments