JHL

JHL

അനൈന യുക്രൈനിൽ; മംഗളൂരുവിൽ പ്രാർഥനയോടെ മലയാളി കുടുംബം

 മംഗളൂരു (www.truenewsmalayalam.com): 'അവൾ ഇന്നലെ രാത്രി മുഴുവൻ ഉറങ്ങാതെ ഭൂഗർഭ മെട്രോ സ്റ്റേഷനിലായിരുന്നു. ഇന്ന് ഹോസ്റ്റലിലേക്ക് മാറും. ഉയരത്തിലുള്ള മുറികളിൽ താമസിക്കരുതെന്നാണ് അവിടെ നിർദേശം നൽകിയത്...' യുക്രൈയിനിൽ എം.ബി.ബി.എസിനു പഠിക്കുന്ന മകൾ അനൈന അന്നയെക്കുറിച്ച് പറയുമ്പോൾ അമ്മ സന്ധ്യയ്ക്ക് തികഞ്ഞ ആത്മവിശ്വാസം. മകൾ സുരക്ഷിതയാണ്. ഇതുവരെ ഒരു പ്രശ്‌നവുമില്ല.   ഖാർക്കിവ് ഒബ്ലാസ്റ്റിലുള്ള എൻകരാസിൻ കോളേജിലെ മൂന്നാംവർഷ മെഡിക്കൽ വിദ്യാർഥിയായ അനൈന അവധിക്ക് വന്ന് കഴിഞ്ഞ ഒക്ടോബറിലാണ് മംഗളൂരുവിൽനിന്ന് യുക്രൈനിലേക്ക് പോയത്. ഫെബ്രുവരി 26-ന് തിരിച്ച്‌ നാട്ടിലേക്ക് വരാനിരിക്കെയാണ് യുദ്ധമുണ്ടായതും അവിടെ കുടുങ്ങിയതും. കോളേജ് അധികൃതരും ഇന്ത്യൻ വിദ്യാർഥികളെ സംരക്ഷിക്കുന്ന ബോബ് ട്രേഡ് കമ്പനിയും ഇവർക്ക് എല്ലാ സംരക്ഷണവും നൽകുന്നുണ്ടെന്നും മംഗളൂരുവിൽ താമസിക്കുന്ന ആലപ്പുഴക്കാരിയായ സന്ധ്യ പറയുന്നു.

സ്‌ഫോടനശബ്ദം കേൾക്കുന്നതല്ലാതെ മറ്റൊന്നും അറിയുന്നില്ലെന്ന് അനൈന അറിയിച്ചതായി സന്ധ്യ പറഞ്ഞു. ഫോണിൽ സംസാരിക്കാൻ പറ്റില്ല. വാട്‌സാപ്പ് വഴിയാണ് വിവരങ്ങൾ അറിയുന്നത്. ആലപ്പുഴ തിരുവമ്പാടി മുല്ലാട്ടുവളപ്പിൽ കുടുംബാംഗമായ സന്ധ്യയും മകളും ജനിച്ചുവളർന്നതൊക്കെ മംഗളൂരുവിലാണ്. അമ്മ മോളിയും സഹോദരി സിന്ധുവും മംഗളൂരുവിൽതന്നെയാണ് താമസം. മംഗളൂരുവിലെ കാൾട്ടൺ ഡിസൂസ, നിമിഷ എന്നീ വിദ്യാർഥികളും യുക്രൈനിൽ കുടുങ്ങിയിരിക്കുകയാണ്. മൂന്നുപേരെയും സുരക്ഷിതരായി മംഗളൂരുവിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മിഷണർ ഡോ. കെ.വി. രാജേന്ദ്ര മാധ്യമപ്രവർത്തരോട് പറഞ്ഞു.


No comments