JHL

JHL

ലഹരിക്കെതിരെയുള്ള പോരാട്ടം, ദേശീയവേദി ഏറ്റെടുത്തത് ദേശീയ വിഷയം; അബ്ദുസലാം വാഫി വാവൂർ.

മൊഗ്രാൽ(www.truenewsmalayalam.com) : കോടികളുടെ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ ഇന്ത്യാരാജ്യത്ത്  ദിവസേനയെന്നോണം വിറ്റഴിച്ചു കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ ദേശീയ വേദിയെ  പോലുള്ള സംഘടനകൾ ഏറ്റെടുത്തിരിക്കുന്നത് ദേശീയ വിഷയമാണെന്ന് മൊഗ്രാൽ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുസലാം വാഫി വാവൂർ അഭിപ്രായപ്പെട്ടു. മൊഗ്രാൽ ദേശീയവേദി ലഹരി വ്യാപനത്തി നെതിരെ സംഘടിപ്പിച്ച ഗ്രാമസഞ്ചാര പദയാത്രയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് ഒളിഞ്ഞും, തെളിഞ്ഞും നടന്നിരുന്ന ലഹരി ഉപയോഗം കാലക്രമേണ ജീവിതത്തിൻറെ ഭാഗമായി തീരുന്ന അവസ്ഥയിലേക്ക് നമ്മുടെ കൊച്ചു കേരളവും നമ്മുടെ ജില്ലയും, നമ്മുടെ ഗ്രാമവും എത്തിപ്പെട്ടിരിക്കുന്നു. ലഹരി പാർട്ടികൾ പരസ്യമായി ആഘോഷമാ ക്കിയതോടെ വരാനിരിക്കുന്ന തലമുറയും ലഹരി വിപത്തിൽ നിന്ന് മുക്തരാകില്ലെന്നതിന്റെ   സൂചനകളാണ് ദിവസേന പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തുടനീളം ലഹരി മാഫിയകൾ തടിച്ചു കൊഴുക്കുകയാണ്, നിയമത്തിൻറെ പോരായ്മകൾ ഇതിന് സഹായകമാവുന്നു. ലഹരി വിപത്തിനെതിരെ ശക്തമായ നിയമ നടപടികൾ കൊണ്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഇമാം പറഞ്ഞു. 

 വിയർപ്പൊഴുക്കാതെ എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള എളുപ്പവഴി എന്ന നിലയിൽ യുവാക്കളും, വിദ്യാർത്ഥി സമൂഹവും ലഹരി വ്യാപനത്തിലേക്ക്  തിരിഞ്ഞിരിക്കുന്നത് വളരെ ആശങ്കയോടെ  കാണേണ്ട വിഷയമാണ്. മദ്യവും മയക്കുമരുന്നും സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞുള്ള പ്രതിവിധികളാണ് ഉണ്ടാകേണ്ടത്. ഇതിൻറെ ഭവിഷ്യത്ത് ചൂണ്ടിക്കാട്ടി ദേശീയവേദി നടത്തുന്ന ഈ പോരാട്ടത്തിന് പൂർണ പിന്തുണ നൽകുന്നതോടൊപ്പം, ജില്ലയെ ലഹരിമുക്ത മാക്കുന്നതിന് മത- സാമൂഹിക -സാംസ്കാരിക സംഘടനകളും യുവജന പ്രസ്ഥാനങ്ങളും, ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും അബ്ദുസലാം വാഫി വാവൂർ അഭ്യർത്ഥിച്ചു.

 ചടങ്ങിൽ ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി കെ ജാഫർ സ്വാഗതം പറഞ്ഞു. വിമുക്തി ജില്ലാ കോ- ഓർഡിനേറ്ററും, പ്രവന്റിവ്‌   എക്സൈസ് ഓഫീസറുമായ എൻ ജി രഘുനാഥൻ ലഹരി വിരുദ്ധ സന്ദേശം നൽകി. സിവിൽ എക്സൈസ് ഓഫീസർ നസറുദ്ദീൻ മൊഗ്രാൽ, എം മാഹിൻ മാസ്റ്റർ, സെഡ് എ മൊഗ്രാൽ, ഇർഷാദ് മൊഗ്രാൽ, എം എ ഹമീദ് സ്പിക്ക്, ടി എം ശുഹൈബ്, ഹമീദ് പെർവാഡ്, ഇസ്മായിൽ -മൂസ,  എം എ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല,ബി എൻ അബ്ദുല്ല, ഗഫൂർ പെർവാഡ്, അൻവർ സാദത്ത് ആരിക്കാടി, സീതി മൊയ്‌ലാർ, ലത്തീഫ് കൊപ്രബസാർ, ശരീഫ് കെഎസ്ഇബി, എംഎച് അബ്ദുൽഖാദർ, എംജി എ റഹ്മാൻ, പി വി അൻവർ, ജംഷീദ് മൊഗ്രാൽ, എം എം റഹ്മാൻ, റിയാസ് കരീം, വിജയകുമാർ, ഹാരിസ് ബഗ്ദാദ്, കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്നിവർ സംസാരിച്ചു. എംഎം മൂസ  നന്ദി പറഞ്ഞു.


No comments